തിരുവനന്തപുരം: കേരളത്തിലെ റെയില്‍വേ യാത്രക്കാരുടെ തിരക്ക് എല്ലാ സ്റ്റേഷനുകളിലും വര്‍ദ്ധിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. സംസ്ഥാനത്തെ എല്ലാ സ്‌റ്റേഷനുകളും വരുമാനത്തിന്റെ കാര്യത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. അതായത് മോശമല്ലാത്ത വരുമാനം റെയില്‍വേക്ക് സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയുണ്ട് കേരളം. വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും കേരളത്തിലെ യാത്രാദുരിതം പരിഹരിക്കാന്‍ മാത്രം റെയില്‍വേക്ക് താത്പര്യമില്ല.
ദീര്‍ഘദൂര യാത്രാ ട്രെയിനുകളിലെ ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഉത്സവകാലത്തെ പ്രതിഭാസമാണെങ്കില്‍ ഹ്രസ്വദൂര യാത്രയില്‍ അത് ഒരു ദിനചര്യ പോലെയാണ് സാധാരണക്കാര്‍ക്ക്. കേരളത്തില്‍ ഇപ്പോള്‍ തീവണ്ടികളിലെ യാത്രക്കാരുടെ തിരക്ക് കാരണം ആളുകള്‍ കുഴഞ്ഞ് വീഴുന്ന സംഭവങ്ങള്‍ ധാരാളമാണ്. എന്നിട്ടും ഹ്രസ്വ ദൂര യാത്രയ്ക്ക് ഉപയോഗിക്കുന്ന മെമു ട്രെയിനുകളില്‍ ഒരു പുതിയ ട്രെയിന്‍ പോലും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തിന് അനുവദിക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല.
കേരളത്തിലോടിക്കുന്നത് 12 മെമു വണ്ടികളാണ്. ഇതില്‍ എട്ടു വണ്ടികള്‍ ആഴ്ചയില്‍ ഒരു ദിവസം അറ്റുകുറ്റപ്പണിക്ക് 'അവധി'യിലുമാകും. ഇന്റഗ്രല്‍ കോച്ച് ഫാക്ടറി പരമ്പരാഗത കോച്ചുകളുടെ നിര്‍മാണം നിര്‍ത്തി. ഇവയ്ക്ക് പകരം വന്ന മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു) കോച്ചിന്റെ വരവ് നിലച്ചത് കേരളത്തെ ബാധിച്ചു. കേരളത്തില്‍ അഞ്ച് വണ്ടികള്‍ക്ക് 12 റേക്ക് (കാര്‍) ആണ്. അഞ്ചെണ്ണത്തിന് എട്ടു കോച്ചും. അതിനാല്‍ കൂടുതല്‍ പേര്‍ക്ക് കയറാനാകില്ല. 12 റേക്ക് ത്രീ ഫെയ്‌സ് മെമുവില്‍ ഇരുന്നും നിന്നും 3600 ഓളം പേര്‍ക്ക് യാത്ര ചെയ്യാം.
കോട്ടയം - എറണാകുളം റൂട്ടില്‍ ഉള്‍പ്പെടെ യാത്രാക്ലേശം രൂക്ഷമാണ്. കഴിഞ്ഞ ദിവസമാണ് വേണാട് എക്സ്പ്രസില്‍ തിരക്ക് കാരണം തിങ്ങി ഞെരുങ്ങി രണ്ട് സ്ത്രീകള്‍ കുഴഞ്ഞ് വീണത്. ചെങ്ങന്നൂര്‍ മുതല്‍ തിങ്ങിനിറഞ്ഞാണ് വേണാടിന്റെ യാത്ര. പാലരുവി കടന്നുപോയാല്‍ ഒന്നര മണിക്കൂറിന് ശേഷമാണ് അടുത്ത ട്രെയിനായ വേണാട് കോട്ടയത്ത് എത്തുന്നത്. ഈ ഇടവേളയാണ് ഇരു ട്രെയിനുകളിലേയും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.
തെക്കന്‍ ജില്ലകളില്‍ നിന്ന് മെമു, പാലരുവി, വേണാട് എക്‌സ്പ്രസുകളില്‍ മാത്രം ജോലി ആവശ്യങ്ങള്‍ക്കായി തൃപ്പൂണിത്തുറയിലിറങ്ങി ഇന്‍ഫോപാര്‍ക്കിലേയ്ക്ക് മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം ദിവസവും മൂവായിരത്തിലേറെ വരും. പാലരുവിയിലെ കോച്ചു വര്‍ദ്ധന അല്പം ആശ്വാസം പകര്‍ന്നെങ്കിലും റൂട്ടിലെ പ്രശ്‌നങ്ങള്‍ക്ക് നാളിതു വരെ പരിഹാരമായില്ല. ട്രെയിനില്‍ കയറാന്‍ പറ്റാതെ ആളുകള്‍ ബുദ്ധിമുട്ടുന്നതിനാല്‍ സിഗ്‌നല്‍ ലഭിച്ചാലും ഗാര്‍ഡിന് ക്ലിയറന്‍സ് കൊടുക്കാന്‍ കഴിയുന്നില്ല. ഇതുമൂലം വേണാട് വൈകുന്നതും പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |