ബംഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബംഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയുടെ ഉത്തരവ്. ഇലക്ടറൽ ബോണ്ടിലൂടെ പണം തട്ടിയെന്ന് ആരോപിച്ച് നിർമ്മലയ്ക്കും മറ്റ് അഞ്ചുപേർക്കും എതിരേ ജനാധികാർ സംഘർഷ് പരിഷത്തിലെ (ജെ.എസ്.പി) ആദർശ് അയ്യരാണ് കോടതിയെ സമീപിച്ചത്. ഇ.ഡി റെയ്ഡ് സമ്മർദ്ദ തന്ത്രമാക്കി, ആയിരക്കണക്കിന് ബോണ്ടുകൾ വാങ്ങാൻ കോർപ്പറേറ്റുകളെ നിർബന്ധിച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു. ഈ ബോണ്ടുകൾ ദേശീയ,സംസ്ഥാന നേതാക്കൾ പണമാക്കി മാറ്റി. നിർമ്മലയും മറ്റ് ബി.ജെ.പി നേതാക്കളും രാഷ്ട്രീയ ആവശ്യങ്ങൾക്കായി അനധികൃത ഫണ്ട് ശേഖരിക്കാൻ ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു. കോടതി ഉത്തരവ് വന്നതിനുപിന്നാലെ നിർമ്മല രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. ബി.ജെപിയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം നിർമ്മലയുടെ രാജി ബി.ജെ.പി ആവശ്യപ്പെടുമോയെന്ന് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു.
അതേസമയം മുഡ ഭൂമിയിടപാട് കേസിൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിനു പിന്നാലെ സിദ്ധരാമയ്യയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ലോകായുക്ത കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |