പാലക്കാട്: നെല്ല് സംഭരണത്തിന് കർഷകരുടെ രജിസ്‌ട്രേഷൻ വേളയിൽ ലോഡിംഗ് പോയിന്റ് രേഖപ്പെടുത്തുന്നത് സംബന്ധിച്ച ആശയക്കുഴപ്പം കൃഷിവകുപ്പും സപ്ലൈകോ അധികൃതരും സംയുക്തമായി പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദ്ദേശിച്ചു. സംഭരണത്തിൽ കേന്ദ്രസർക്കാരിന്റെ വ്യവസ്ഥ പാലിക്കുന്നതിനാണ് ലോഡിംഗ് പോയ്ന്റ് രേഖപ്പെടുത്തണമെന്ന് വ്യക്തമാക്കിയുള്ള ഉത്തരവ് കൃഷിവകുപ്പിന് കൈമാറിയതെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞെങ്കിലും മുൻവർഷങ്ങളിലേതു പോലെ തന്നെ രജിസ്‌ട്രേഷൻ നടപടികൾ നടത്തണമെന്ന് എം.എൽ.എമാരായ കെ.ഡി.പ്രസേനൻ, കെ.ബാബു, കെ.ശാന്തകുമാരി എന്നിവർ നിർദ്ദേശിച്ചു.
നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ഉചിതമായ നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര നിർദ്ദേശിച്ചു. കൃഷി ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് അർഹർക്ക് ഭൂമിതരംമാറ്റി ലഭിക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ കൃഷി ഓഫീസർമാരുടെ യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വീടോ സ്ഥലമോ ഇല്ലാത്ത വൃക്തി കൃഷി ഭൂമി തരം മാറ്റലിന് അപേക്ഷിച്ചാൽ ദീർഘനാളായി കൃഷി ചെയ്യാത്ത ഭൂമി തരം മാറ്റുന്നതിൽ കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് തടസം ഉണ്ടാകരുതെന്ന് എം.എൽഎമാരായ പി.മമ്മികുട്ടി, കെ.ശാന്തകുമാരി, എ.പ്രഭാകരൻ എന്നിവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൃഷിഓഫീസർമാരുടെ യോഗം വിളിക്കുന്നത്.
ഷൊർണൂർ-കൊച്ചിൻ പാലം റോഡ് പ്രവർത്തി അടുത്ത ജില്ല വികസന സമിതി യോഗത്തിന് മുൻപ് തീർക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പ്രദേശങ്ങളിലുളള 150 കുടുംബങ്ങളുടെ കൈവശഭൂമിയുമായി ബന്ധപ്പെട്ട് നിലവിലുളള അപേക്ഷകൾക്ക് പുറമെ ഇതുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകൾ പരിഗണിച്ച് പുരോഗതി അറിയിക്കാൻ കെ.ശാന്തകുമാരി ആവശ്യപ്പെട്ടു. കുതിരാൻ കഴിഞ്ഞ് തരൂർ, ആലത്തൂർ മണ്ഡലങ്ങളിലുൾപ്പെട്ട ഹൈവേയുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരങ്ങൾക്ക് ദേശീയപാത അധികൃതരുടെ ഇടപെടൽ കാര്യക്ഷമമാക്കണമെന്ന് പി.പി.സുമോദ് ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബു, എ.ഡി.എം കെ.മണികണ്ഠൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ ശ്രീലത തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |