2010ൽ റീലിസ് ചെയ്ത ചിത്രമാണ് ആഗതൻ. ദീലിപും സത്യരാജും കേന്ദ്ര കഥാപാത്രത്തിൽ അഭിനയിച്ച ചിത്രം ഇപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ചില അനുഭവങ്ങൾ കൗമുദി മൂവീസിനോട് പറയുകയാണ് സംവിധായകൻ കമൽ.
' സിനിമയിൽ ക്യാമറാമാനായി വേണുവിനെയാണ് ഞാൻ തിരഞ്ഞെടുത്തത്. വേണുവും ഞാനും മുൻപ് രണ്ട്, മൂന്ന് സിനിമ ചെയ്യാൻ ചർച്ച നടത്തിയിട്ടുണ്ട്. പക്ഷേ അവ ഒന്നും നടന്നിരുന്നില്ല. അവസാനമാണ് ആഗതൻ സിനിമയിലേക്ക് ഞാൻ വേണുവിനെ ക്ഷണിക്കുന്നത്. ഉടനെ വേണുപറഞ്ഞു 'ദിലീപ് അല്ലെ നായകൻ എന്നാൽ ഞാനില്ല' എന്ന്. ദിലീപിനും തനിക്കും തമ്മിൽ ചില പ്രശ്നങ്ങളുണ്ട് അതുകൊണ്ട് താൻ ഇല്ലെന്നാണ് വേണു പറഞ്ഞത്. പിന്നെ അത് വേണ്ടയെന്ന് ഞാനും തീരുമാനിച്ചു. അങ്ങനെയാണ് ആഗതൻ സിനിമയ്ക്ക് അജയൻ വിൻസെന്റ് ക്യാമറാമാനായി എത്തുന്നത്.
ആദ്യം ദിലീപിനോട് കഥ പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചത് ഗൗരവമുള്ള കഥാപാത്രമാണ് താൻ ചെയ്താൽ ശരിയാകുമോയെന്നാണ്. നീ തന്നെ ചെയ്യണം, കോമഡി വേഷങ്ങൾ മാത്രമല്ല ഗൗരവമുള്ള വേഷവും ചെയ്യണമെന്ന് ഞാൻ അന്ന് ദിലീപിനോട് പറഞ്ഞു. അങ്ങനെയാണ് ദിലീപ് ഈ സിനിമയിലേക്ക് വരുന്നത്.
ഷൂട്ടിംഗ് സമയത്ത് കാശ്മീരിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നിരവധി പൊലീസുകാരും പട്ടാളക്കാരും ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകാൻ അനുവദിച്ചിരുന്നില്ല. 'മഞ്ഞുമഴ' ഗാനം ചിത്രീകരിക്കാൻ നേരത്ത് ആദ്യം ഷൂട്ട് ചെയ്യാൻ സമ്മതിച്ചു. പിന്നെ രണ്ടാം ദിവസം ഷൂട്ടിംഗ് തടഞ്ഞു. മൂന്ന് മണിക്കൂറോളം തണുപ്പിൽ റോഡിൽ നമ്മൾ ഇരുന്നിട്ടുണ്ട്. ഭക്ഷണം പോലും കിട്ടാതെ. ശേഷം വീണ്ടും പെർമിഷൻ വാങ്ങിയാണ് ഷൂട്ട് ചെയ്തത്. അത് ഒരിക്കലും മറക്കാൻ കഴിയില്ല',- കമൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |