SignIn
Kerala Kaumudi Online
Tuesday, 01 October 2024 3.41 PM IST

കോടിയേരി വിടവാങ്ങിയിട്ട് രണ്ടു വർഷം ....................................................................... ജനഹൃദയങ്ങളിൽ ജീവിക്കും

Increase Font Size Decrease Font Size Print Page
kodiyeri-balakrishnan

അസാമാന്യ സംഘടനാ വൈഭവത്തിനുടമയായിരുന്ന കോടിയേരി ബാലകൃഷ്ണൻ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്നില്ല. എന്നാൽ, ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ കഴിവുണ്ടായിരുന്ന അദ്ദേഹം അക്ഷോഭ്യനായി എല്ലാത്തിനെയും നേരിട്ടു. സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാനും കഴിഞ്ഞിരുന്നു. പാർട്ടി പ്രവർത്തകരുടെയും സാധാരണ ജനങ്ങളുടെയും വേദനയും സങ്കടങ്ങളും ശ്രദ്ധയോടെ കേൾക്കാനും നല്ലനിലയിൽ പരിഗണിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നർമ്മം കലർന്ന സംഭാഷണങ്ങളും പ്രസംഗവും സാധാരണക്കാരെ അദ്ദേഹത്തോടടുപ്പിച്ചു. പാർട്ടിയെ കാലോചിതമായി നയിക്കുന്നതിന് സാധിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടമായി കാണുന്നത്. ആർക്കും പ്രാപ്യനായിരുന്ന ജനനേതാവുമായിരുന്നു കോടിയേരി.

ഒരേ നാട്ടുകാരായിരുന്നുവെങ്കിലും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹവുവുമായി അടുത്ത് ഇടപഴകിയത്. യുവജന പ്രസ്ഥാനത്തിലും പാർട്ടിയിലും പ്രവർത്തിക്കുമ്പോൾ ആവശ്യമായ എല്ലാ മാർഗനിർദ്ദേശങ്ങളും നൽകിയത് അദ്ദേഹമായിരുന്നു. അത് മരണം വരെ തുടരുകയും ചെയ്തു. എന്നിലെ പൊതുപ്രവർത്തകനെ രൂപപ്പെടുത്തിയതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. പൊതു രാഷ്ട്രീയത്തിലേക്ക് ഞാനുൾപ്പെടുന്ന യുവാക്കളുടെ നിരയെ ഉയർത്തിക്കൊണ്ടുവരുന്നതിൽ കോടിയേരി ഉൾപ്പെടെയുള്ള സഖാക്കൾക്ക് പങ്കുണ്ട്.

ക്ഷോഭത്തോട്

ക്ഷമിച്ച നേതാവ്

ടി.വി രാജേഷ്, എം. സ്വരാജ് തുടങ്ങി ഒട്ടേറെപ്പേരെ വിദ്യാർത്ഥി രാഷ്ട്രീയത്തിലും യുവജനപ്രസ്ഥാനങ്ങളിലും നല്ല ഉത്തരവാദിത്വങ്ങൾ നൽകി വളർത്തിക്കൊണ്ടു വന്നതിൽ കോടിയേരിയുടെ പങ്ക് വലുതാണ്. ചില ഘട്ടങ്ങളിൽ ഞങ്ങൾ ക്ഷോഭിച്ചു സംസാരിച്ചാൽപ്പോലും അദ്ദേഹം ക്ഷമയോടെ കേട്ടിരുന്ന് ഉചിതമായ പരിഹാരങ്ങൾ നിർദ്ദേശിച്ചു. ഞങ്ങളുടെയൊക്കെ പ്രവർത്തനങ്ങളിൽ പരിചയക്കുറവുകൊണ്ട് സംഭവിക്കുന്ന വീഴ്ചകളെ അദ്ദേഹം നർമോക്തികളിലൂടെ തിരുത്തിച്ചിരുന്നു. എല്ലാവരും പറയുന്നത് ശ്രദ്ധയോടെ കേൾക്കാനും ഉചിതമായ

മറുപടി നൽകാനുമുള്ള കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

സമാനതകളില്ലാത്ത സംഘടനാ വൈഭവവും ഭരണനിപുണതയുമായിരുന്നു കോടിയേരിയുടെ മുതൽക്കൂട്ട്. 1982 മുതൽ തലശ്ശേരിയെ പ്രതിനിധീകരിച്ച് ജനപ്രതിനിധിയായ അദ്ദേഹം നിയമസഭാ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ ഇടപെടലാണ് നടത്തിയത്. 'കോടിയേരി മോഡൽ വികസന"മെന്നത് ജനകീയ പങ്കാളിത്തത്തോടെയുള്ള വികസനമെന്നതാണ്. ചൊക്ലിയിലെ തലശ്ശേരി സർക്കാർ കോളേജിനു വേണ്ടിയുള്ള ഫണ്ട് ശേഖരണം, ഭൂമി വാങ്ങൽ നടപടികൾ എന്നിവ അതിന്റെ പ്രഥമ ദൃഷ്ടാന്തമാണ്. 'അമ്മയും കുഞ്ഞും ആശുപത്രി"ക്കു വേണ്ടി അദ്ദേഹം ഒരു ദിവസം കൊണ്ടാണ് ജനങ്ങളെ ഒപ്പം നിറുത്തി ഒരുകോടി രൂപ സമാഹരിച്ചത്. തലശ്ശേരി- മാഹി ബൈപ്പാസ് പദ്ധതി പൂർത്തീകരണം, പൊന്ന്യത്തങ്കം നടത്തുന്നതിനുള്ള ഫണ്ട് സമാഹരണം, പന്ന്യന്നൂർ ഐ.ടി.ഐയുടെ സാക്ഷാത്കാരം എന്നിവയിലെല്ലാം ഇതേ വികസന നയം പിന്തുടർന്നു.

പൊലീസ്, ജയിൽ

നവീകരണം

മന്ത്രിയായിരുന്നപ്പോഴും ജനപക്ഷത്ത് നിലയുറപ്പിച്ചു. കേരളപൊലീസിനെ ജനോപകാരപ്രദമാക്കുന്നതിലും അദ്ദേഹം വിജയിച്ചു. പൊലീസ് കൺട്രോൾ റൂമിന്റെ ഭാഗമായി വനിതാ ലൈനും നീണ്ടകരയിൽ തീരദേശ പൊലീസ് സ്‌റ്റേഷനും ആരംഭിച്ചു. കാലാനുസൃതമായി ജയിൽ നിയമം പരിഷ്‌കരിക്കുകയും ഫയർ ആന്റ് റസ്‌ക്യൂ വകുപ്പിനെ ആധുനിക വത്കരിക്കുകയും ചെയ്തു. മുസിരിസ് ടൂറിസം പദ്ധതികൾ സജീവമാക്കി. മന്ത്രിയായിരുന്ന കാലയളവിൽ നടത്തിയ നിരവധി പ്രവർത്തനങ്ങൾ നാടിന്റെ സമഗ്ര പുരോഗതിക്ക് വഴിതെളിച്ചിട്ടുണ്ട്.

2019 ഒക്‌ടോബറിൽ അരൂർ ഉപതിരഞ്ഞെടുപ്പ് സമയത്താണ് കോടിയേരിയുടെ അസുഖവുമായി ബന്ധപ്പെട്ട് കോഴിക്കോട് മിംസിൽ ചികിത്സയ്ക്കു പോവുന്നത്. അവിടെയുള്ള ഗാസ്‌ട്രോ സർജൻ ഡോ. ബാബുവുമായി ആദ്യഘട്ടത്തിൽ സംസാരിച്ചപ്പോൾ എല്ലാം നോർമൽ എന്നായിരുന്നു പറഞ്ഞത്. എന്നാൽ പരിശോധനാഫലം ലഭിച്ചപ്പോഴാണ് രോഗത്തിന്റെ ഗൗരവാവസ്ഥ പറയുന്നത്. ആ വിവരം മുഖ്യമന്ത്രിയെ വിളിച്ചറിയിച്ചു. അദ്ദേഹത്തിന്റെ അസുഖം കലശലാവുന്ന സമയത്ത് മനസ് വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു. അസുഖം മൂർച്ഛിച്ച് സഖാവിനെ ചെന്നൈയിലേക്ക് കൊണ്ടുപോയ വേളയിൽ ഞാൻ പൊട്ടിക്കരഞ്ഞു പോയി. പിന്നീട് മുഖ്യമന്ത്രി ഫോണിൽ വിളിച്ചാണ് ബാലകൃഷ്‌ണേട്ടന്റെ വിയോഗമറിയിച്ചത്.

കോടിയേരിയുടെ മരണം സൃഷ്ടിച്ച ആഘാതം വളരെ വലുതായിരുന്നു. ആദ്യം ഒന്നും ഉൾക്കൊള്ളാനായിരുന്നില്ല. എനിക്ക് മാത്രമല്ല, പാർട്ടി പ്രവർത്തകർക്കും അദ്ദേഹത്തെ സ്‌നേഹിച്ചവർക്കും എളുപ്പത്തിൽ നികത്താനാവാത്ത നഷ്ടമാണുണ്ടായത്. എന്ത് പ്രതിസന്ധികൾ വരുമ്പോഴും നേരിട്ടു സംസാരിച്ച് മാർഗനിർദ്ദേശങ്ങൾ നൽകിയ സഖാവ് കൂടെയില്ലല്ലോ എന്ന ചിന്ത വേദനിപ്പിക്കുന്നു. കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ. അദ്ദേഹം നടന്നകന്നു പോയ പാതയിലൂടെ ഞങ്ങളും മുന്നോട്ടു നീങ്ങുന്നു. ജനഹൃദയങ്ങളിൽ കോടിയേരി എന്നും ജീവിക്കും. കേരളം കണ്ട ജനകീയ മന്ത്രിമാരിൽ പ്രഥമഗണനീയനാണ് കോടിയേരി ബാലകൃഷ്ണനെന്ന് കേരളജനത എക്കാലവും സ്മരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.