പുൽപ്പള്ളി: ചെണ്ടുമല്ലി കൃഷിയിൽ വിജയഗാഥയുമായി വെറ്ററിനറി ഡോക്ടർ ലക്ഷ്മി. പാടിച്ചിറ മൃഗാശുപത്രിയിലെ ഡോക്ടറാണ് ലക്ഷ്മി. പാടിച്ചിറക്കടുത്ത ആലത്തൂരിലെ 15 സെന്റോളം സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി നടത്തിയത്. പരീക്ഷണ കൃഷി വിജയമായതോടെ വരും വർഷം കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവർ. ഗുണ്ടൽപേട്ടയിലും മറ്റുമുള്ള പൂപ്പാടങ്ങളാണ് ഡോ. ലക്ഷ്മിയെ പുഷ്പകൃഷിയിലേയ്ക്ക് അടുപ്പിച്ചത്.
തൈകൾ വാങ്ങി നട്ട് പിടിപ്പിക്കുകയായിരുന്നു. ഓണക്കാലം മുതൽ വിരിഞ്ഞു തുടങ്ങിയ ചെടികൾ ഇപ്പോൾ പൂർണമായും പൂത്തുനിൽക്കുകയാണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങുകൾക്കും മറ്റും പൂക്കൾതേടി ഇവിടേയ്ക്ക് ആളുകൾ എത്താറുണ്ടെന്ന് ഇവർ പറഞ്ഞു. ചെണ്ടുമല്ലി പൂവിന്റെ സൗരഭ്യവും സൗന്ദര്യവും നുകരാനായി ഒട്ടേറെ ആളുകൾ ഇവിടെ എത്താറുണ്ട്. കാര്യമായ വളപ്രയോഗങ്ങളൊന്നും നടത്തിയിരുന്നില്ല. തീർത്തും ജൈവരീതിയിലാണ് കൃഷി. എങ്കിലും തുടുത്ത ചെണ്ടുമല്ലി പൂക്കളാണ് തോട്ടത്തിൽ വിരിഞ്ഞത്. വരും വർഷങ്ങളിൽ കൂടുതൽ ഇടങ്ങളിലേയ്ക്ക് കൃഷി വ്യാപിപ്പിക്കാൻ പ്രചോദനമായെന്ന് ഇവർ പറയുന്നു.
അതേസമയം, പന്തളം തുമ്പമണ്ണിൽ ബന്ദി വസന്തം വിരുന്നെത്തിയെങ്കിലും കർഷകർ കനത്ത പ്രതിസന്ധിയിലായിരുന്നു. പൂവ് വിപണിയിലെ തമിഴ് ലോബിയുടെ മേധാവിത്വം മൂലം നാടൻ പൂക്കൾക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയായതാണ് തിരിച്ചടിക്ക് കാരണം. കുടുംബശ്രീ മിഷന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പഞ്ചായത്തിൽ ബന്ദിപ്പൂ കൃഷി ചെയ്തത് അഞ്ചു ഗ്രൂപ്പുകളാണ്. പതിനൊന്നാം വാർഡിൽ ഒരു ഏക്കറിൽ അധികം സ്ഥലത്ത് കൃഷി ചെയ്ത കർഷകരാണ് കനത്ത പ്രതിസന്ധി നേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |