പാലാ: അജപാലന ശുശ്രൂഷയോടൊപ്പം ജൈവകൃഷിയും ഒരു ശുശ്രൂഷയായി ഏറ്റെടുക്കുകയാണ് കവീക്കുന്ന് സെന്റ് അഫ്രേംസ് പള്ളി വികാരി ഫാ.ജോസഫ് വടകര. കൃഷിയച്ചൻ എന്നറിയപ്പെടുന്ന ഫാ. ജോസഫ് സേവനമനുഷ്ഠിച്ച പള്ളികളിലെല്ലാം കൃഷിയിടവും ഒരുക്കിയിട്ടുണ്ട്. കാർഷിക കുടുംബത്തിൽ ജനിച്ച ഫാ.ജോസഫ് വടകരയ്ക്ക് അത്രയേറെ കൃഷിയറിവുകളുണ്ട്. പള്ളിയിലെ തിരക്ക് കഴിഞ്ഞാലുടൻ മുണ്ടും മടക്കിക്കുത്തി തൂമ്പയുമായി കൃഷിയിടത്തിലേയ്ക്ക് ഇറങ്ങുന്നതാണ് പതിവ് രീതി. രോഗാവസ്ഥ പലപ്പോഴും അലട്ടാറുണ്ടെങ്കിലും കൃഷിയോടുള്ള ആഭിമുഖ്യത്തെ ഇതൊന്നും ഒട്ടും ബാധിക്കാറില്ല. അടുത്ത കാലത്ത് ആശുപത്രി വാസത്തിനിടയിലും അച്ചന്റെ മനസ് കൃഷിയിടത്തിലായിരുന്നു. കവീക്കുന്ന് പള്ളിമുറ്റവും പള്ളിമേടയും പച്ചക്കറി കൃഷിയാൽ നിറയുകയാണ്.
കവീക്കുന്ന് പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആയിരത്തോളം മരച്ചീനിയാണ് കൃഷി ചെയ്തത്. രണ്ടര ടണ്ണോളം പച്ചക്കപ്പ ഇതുവരെ വിളവെടുത്തു.
ഒരു ചുവട്ടിൽ നിന്ന് 25 കിലോ ഗ്രാം തൂക്കംവരെ കപ്പ ലഭിക്കുന്നുണ്ട്.
വഴുതന മുതൽ വെണ്ട വരെ
250 ഗ്രോബാഗുകളിലായി വഴുതന, പയർ, പച്ചമുളക്, വെണ്ട തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ചെങ്കദളി, റോബസ്റ്റ, നേത്രവാഴ എന്നിവയും കൃഷിയിടം സമ്പന്നമാക്കുന്നു. ആയൂർജാക്ക് ഇനത്തിൽപെട്ട 140 പ്ലാവുകൾ പള്ളിപ്പറമ്പിലും പാരീഷ് ഹാളിന് സമീപം കൃഷി ചെയ്തിട്ടുണ്ട്. കൈക്കാരന്മാരായ സണ്ണി ജോസഫ് വരിക്കമാക്കൽ, ബാബു മുകാല, ജോസ് മുകാല, ദൈവാലയ ശുശ്രൂഷി അമൽ വട്ടമറ്റം എന്നിവരും കൃഷിപ്പണികളിൽ സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |