തിരുവനന്തപുരം: പി.എസ്.സി ഇന്നലെ നടത്തിയ എറണാകുളം, മലപ്പുറം ജില്ലകളിലേക്കുള്ള എൽ.ഡി ക്ലർക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പർ തലേദിവസം പി.എസ്.സി സൈറ്റിൽ പ്രത്യക്ഷപ്പെട്ടു! സംഭവത്തിനുപിന്നിൽ എന്താണെന്ന് വ്യക്തമായിട്ടില്ല. ചോദ്യപേപ്പർ ചോർന്നതാണോ എന്നതുൾപ്പെടെയുള്ള സംശയങ്ങൾ ബലപ്പെട്ടു.
ബുക്ക്‌ലെറ്റ് നമ്പർ 133/2024 എം എന്ന നമ്പരിലുള്ള 100 ചോദ്യങ്ങൾ അടങ്ങിയ ചോദ്യപേപ്പറാണ് സൈറ്റിലുള്ളത്. അപ്‌ലോഡ് ചെയ്തത് '1 day ago" എന്നാണ് ഇന്നലെ വൈകിട്ടോടെ സൈറ്റിൽ കണ്ടത്. അതേ ചോദ്യക്കടലാസാണ് ഇന്നലെ പരീക്ഷയ്‌ക്ക് നൽകിയത്. പി.ഡി.എഫ് ഫയലായാണ് ചോദ്യക്കടലാസ് സൈറ്റിലുള്ളത്. www.keralapsc .gov .in എന്ന സൈറ്റിലാണ് ചോദ്യക്കടലാസ് അപ്‌ലോഡ് ചെയ്തതായി കണ്ടെത്തിയത്. പി.എസ്.സിയുടെ ഔദ്യോഗിക ചിഹ്നം ഉൾപ്പെടെയുള്ള സൈറ്റാണിത്. പരീക്ഷയുടെ തലേന്നാൾ ചോദ്യക്കടലാസ് അതേപടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത് ഗുരുതര സംഭവമാണ്.ചോദ്യങ്ങളും ഓപ്‌ഷനുകളും അതേപടി ഉള്ളതിനാൽ ഉത്തരം കണ്ടെത്തി പഠിച്ചവർക്ക് 100 മാർക്കും കിട്ടും.
എ കോഡിലെ ചോദ്യക്കടലാസാണ് അതേപടി വെബ്സൈറ്റിലുള്ളത്. സാധാരണയായി പരീക്ഷ കഴിഞ്ഞശേഷം ഉത്തരസൂചിക പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ, പരീക്ഷയ്‌ക്കു മുൻപ് ചോദ്യക്കടലാസ് അതേപടി സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്നതിന് യാതൊരു വ്യക്തതയുമില്ല. പരീക്ഷ കഴിഞ്ഞശേഷം ചോദ്യങ്ങളുടെ ശരിയുത്തരങ്ങൾ അറിയാനായി ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഇന്റർനെറ്റിൽ പരിശോധിച്ചപ്പോഴാണ് ഒരു ദിവസം മുൻപ് 100 ചോദ്യങ്ങളടങ്ങിയ പി.ഡി.എഫ് ഫയൽ അതേപടി പി.എസ്.സി സൈറ്റിൽ തന്നെ പ്രസിദ്ധീകരിച്ചതായി കണ്ടെത്തിയത്.
ഗൂഗിളും പറയും തട്ടിപ്പ് നടത്തിയവിധം
ചോദ്യപേപ്പർ കോഡായ 133/2024-M എന്ന് സെർച്ച് ചെയ്യുമ്പോൾ തന്നെ ചോദ്യം മുഴുവൻ ലഭിക്കും. പരീക്ഷ നടന്ന ശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഉത്തര സൂചിക സൈറ്റിൽ വന്നത്. ചോദ്യം അപ്‌ലോഡ് ചെയ്തത് ഒരു ദിവസം മുമ്പാണെന്ന വിവരവും ഗൂഗിൾ നൽകും. ചോദ്യപേപ്പർ കോഡ് കൈവശ്യപ്പെടുത്തുന്നവർക്ക് പരീക്ഷയ്ക്കു മുമ്പ് ചോദ്യം ലഭിക്കും. പി.എസ്.സിയുടെ സൈറ്റിൽ ഡിഫോൾട്ടിൽ ഫൈൽ എന്ന പേജിലാണ് ചോദ്യത്തിന്റെ പി.ഡി.എഫ് രൂപം പരീക്ഷയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് വന്നത്. ഒറ്റനോട്ടത്തിൽ ഈ പേജിലേക്ക് പോകാൻ കഴിയില്ല. എന്നാൽ ചോദ്യകോഡ് നൽകിയാൽ എളുപ്പം ലഭിക്കും. മുൻ പരീക്ഷയുടെ ചോദ്യപേപ്പറുകൾ പി.എസ്.സിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പതിവുണ്ടായിരുന്നുവെങ്കിലും 2016നു ശേഷം അത് അവസാനിപ്പിച്ചു.
അതേ സമയം ഔദ്യോഗിക സൈറ്റിൽ ചോദ്യക്കടലാസ് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പി.എസ്.സി അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |