പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള തീരുമാനത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടും സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും പിന്നോട്ടില്ല. ശബരിമലയിലെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് ഒാൺലൈൻ ബുക്കിംഗ് മാത്രമാക്കിയതെന്ന് മന്ത്രി വി.എൻ.വാസവനും ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും ആവർത്തിച്ചു. ഇക്കുറി സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്നും ഒാൺലൈൻ ബുക്കിംഗ് ഇല്ലാതെ ആരെങ്കിലും എത്തിയാൽ അപ്പോൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള തീരുമാനം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വ്യക്തമാക്കി. തിരുപ്പതിയിൽ ഒാൺലൈൻ ബുക്കിംഗ് മാത്രമാക്കിയപ്പോൾ എതിർപ്പില്ലാത്ത സംഘടനകൾ ശബരിമലയുടെ കാര്യത്തിൽ രംഗത്തുവരുന്നത് എന്തിനാണെന്നും ചോദിച്ചു.
കഴിഞ്ഞവർഷം ഭക്തരെ പന്ത്രണ്ട് മണിക്കൂർ വരെ വടംകെട്ടി നിറുത്തുകയും ദർശനം നടത്താനാകാതെ ചിലർ മടങ്ങിപ്പോവുകയും ചെയ്തതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ബോർഡ് ഹൈക്കോടതിയെ അറിയിക്കും.
20% ഭക്തർ എത്താറില്ല
ഒരു ദിവസം ഒാൺലൈൻവഴി ബുക്ക് ചെയ്യുന്നവരിൽ കുറഞ്ഞത് 20ശതമാനം ഭക്തർ എത്താറില്ലെന്നാണ് ദേവസ്വം ബാർഡിന്റെ കണക്ക്
ഇത് തിരക്ക് കുറയാൻ ഇടയാക്കും. വരുമാനത്തെ ബാധിക്കുമെന്നും കണക്കാക്കിയിട്ടുണ്ട്
ഇതേ തുടർന്നാണ് കഴിഞ്ഞ വർഷം നിലയ്ക്കലിലും പമ്പയിലും സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തിയത്
കർമ്മ സമിതി പ്രക്ഷോഭത്തിന്
സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കിയതിനെതിരെ ശബരിമല കർമ്മ സമിതി പ്രക്ഷാേഭത്തിനൊരുങ്ങുന്നു. അയ്യപ്പസേവാ സമാജം, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി എന്നീ സംഘടനകൾ അടങ്ങുന്ന കർമ്മസമിതി 10ന് യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും. നാളെ സമിതി ഭാരവാഹികൾ ദേവസ്വംബോർഡ് പ്രസിഡന്റിന് നിവേദനം നൽകും.
''സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള തീരുമാനം അശാസ്ത്രീയവും അപ്രായോഗികവുമാണ്. ഓൺലൈൻ ബുക്ക് ചെയ്‌തെത്തുന്ന തമിഴ്നാട് ഉൾപ്പെടെയുള്ള അന്യസംസ്ഥാന തീർത്ഥാടകർക്ക് സമയക്രമം പാലിക്കാൻ പലപ്പോഴും കഴിയുന്നില്ല. തീരുമാനം പിൻവലിക്കണം.
-മണികണ്ഠ ഗുരുസ്വാമി,
ചെന്നൈ
മതവിശ്വാസത്തിനു
മേലെയാണ്
ഭരണഘടന:
ഹൈക്കോടതി
കൊച്ചി: മതവിശ്വാസം മറ്റൊരാൾക്ക് അടിച്ചേൽപ്പിക്കാനാവില്ലെന്നും ഇന്ത്യൻ ഭരണഘടന ഏത് മതവിശ്വാസത്തിനും മുകളിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്യക്തിയുടെ താത്പര്യമാണ് മതവിശ്വാസം. ഭരണഘടനാപരമായ അവകാശമാണതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. ഡോ. തോമസ് ഐസക് ധനമന്ത്രിയായിരിക്കെ അദ്ദേഹത്തെ ഹസ്തദാനം ചെയ്ത മുസ്ലിം പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയ കേസിലെ പ്രതി കോട്ടക്കൽ സ്വദേശി അബ്ദുൽ നൗഷാദിന്റെ (നൗഷാദ് അഹ്സാനി) ഹർജി തള്ളിയാണ് ഉത്തരവ്. 2016 ആഗസ്റ്റിൽ കോഴിക്കോട് കാരന്തൂർ മർക്കസ് കോളേജിലെ വിദ്യാർത്ഥികളുമായി തോമസ് ഐസക് സംവാദം നടത്തിയിരുന്നു. പങ്കെടുത്തവർക്ക് സമ്മാനം നൽകുന്നതിനിടെയാണ് പ്രസ്തുത വിദ്യാർത്ഥിനിക്കടക്കം ഹസ്തദാനം നൽകിയത്. അതിന്റെ ദൃശ്യമടക്കം ഹർജിക്കാരൻ വാട്സാപ്പിൽ പ്രചരിപ്പിച്ചു. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയിൽ കുന്നമംഗലം പൊലീസ് കേസെടുത്തു. കുന്നമംഗലം മജിസ്ട്രേട്ട് കോടതിയിൽ കേസ് വിചാരണ ചെയ്യാനിരിക്കെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദം ഹർജിക്കാരന് വിചാരണക്കോടതിയിൽ ഉന്നയിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |