മുൾട്ടാൻ ടെസ്റ്റിൽ ജോ റൂട്ടിന് സെഞ്ച്വറിയും (176*) റെക്കാഡുകളും
ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇംഗ്ളീഷ് ബാറ്റർ
ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ആറാമത്തെ ക്രിക്കറ്റർ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റർ
റൂട്ടിന്റെ ടെസ്റ്റിലെ 35-ാം സെഞ്ച്വറി, ഇന്നലെ മറികടന്നത് 34 സെഞ്ച്വറികൾ നേടിയിട്ടുള്ള സുനിൽ ഗാവസ്കർ, ബ്രയാൻ ലാറ,മഹേല ജയവർദ്ധനെ, യൂനിസ് ഖാൻ എന്നിവരെ
ഇനി മുന്നിൽ സച്ചിൻ ടെൻഡുൽക്കർ(51),ജാക് കാലിസ് (45), റിക്കി പോണ്ടിംഗ് (41),കുമാർ സംഗക്കാര(38), രാഹുൽ ദ്രാവിഡ് (36) എന്നിവരെ
മുൾട്ടാൻ: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം ജോ റൂട്ടിന്റെ റെക്കാഡ് വേട്ട. പാകിസ്ഥാൻ ആദ്യ ഇന്നിംഗ്സിൽ ഉയർത്തിയ 556 റൺസിനെതിരെ 96/1 എന്ന നിലയിൽ ബാറ്റിംഗ് തുടരാനെത്തിയ ഇംഗ്ളണ്ട് ഇന്നലെ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 492/3 എന്ന നിലയിലാണ്. 64 റൺസ് മാത്രം പിന്നിലാണ് ഇംഗ്ളണ്ട് ഇപ്പോൾ.
കഴിഞ്ഞദിവസം ഓപ്പണർ ഒല്ലീ പോപ്പ് (0) രണ്ടാം ഓവറിൽ ഡക്കായപ്പോൾ കളത്തിലിറങ്ങി ഇന്നലെ മുഴുവൻ ബാറ്റ് ചെയ്ത് 176 റൺസുമായി പുറത്താകാതെ നിൽക്കുന്ന ജോ റൂട്ടിന്റെയും 141 റൺസുമായി പുറത്താകാതെ നിൽക്കുന്ന ഹാരി ബ്രൂക്കിന്റേയും 84 റൺസ് നേടിയ ബെൻ ഡക്കറ്റിന്റെയും 78 റൺസ് നേടിയ സാക്ക് ക്രാവ്‌ലിയുടെയും ബാറ്റിംഗ് മികവിലാണ് ഇംഗ്ളണ്ട് പാകിസ്ഥാന് തക്ക തിരിച്ചടി നൽകിയത്.
മിന്നുന്ന ഫോമിൽ കളിക്കുന്ന റൂട്ട് ടെസ്റ്റിലെ സെഞ്ച്വറികളുടെ എണ്ണത്തിൽ സാക്ഷാൽ സുനിൽ ഗാവസ്കറിനെ ഉൾപ്പടെ മറികടക്കുന്നതിനും ഇന്നലെ മുൾട്ടാൻ സാക്ഷ്യം വഹിച്ചു. 34 സെഞ്ച്വറികൾ നേടിയിട്ടുള്ള സുനിൽ ഗാവസ്കർ, ബ്രയാൻ ലാറ,മഹേല ജയവർദ്ധനെ യൂനിസ് ഖാൻ എന്നിവരെ മറികടന്നാണ് റൂട്ട് ഇന്നലെ തന്റെ 35-ാം അർദ്ധശതകം തികച്ചത്. 51 സെഞ്ച്വറികളുള്ള സച്ചിൻ ടെൻഡുൽക്കർ ,ജാക് കാലിസ് (45), റിക്കി പോണ്ടിംഗ് (41),കുമാർ സംഗക്കാര(38), രാഹുൽ ദ്രാവിഡ് (36) എന്നിവരാണ് എണ്ണത്തിൽ ഇനി റൂട്ടിന് മുന്നിലുള്ളത്.
ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇംഗ്ലീഷ് ബാറ്റർ എന്ന നേട്ടവും മുൾട്ടാനിൽ ജോ റൂട്ട് സ്വന്തമാക്കി. 12,472 റൺസ് നേടിയിട്ടുള്ള അലിസ്റ്റർ കുക്കിനെയാണ് റൂട്ട് മുൾട്ടാനിൽ മറികടന്നത്. 12402 റൺസായിരുന്നു ഈ മത്സരത്തിന് മുമ്പ് റൂട്ടിന്റെ സമ്പാദ്യം. ഇന്നലത്തെ ഇന്നിംഗ്സോടെ ഇത്12578 റൺസിലെത്തിയിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ അന്താരാഷ്ട്ര താരങ്ങളിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ജോ റൂട്ട്. ആയിരുന്നു സമ്പാദ്യം. സച്ചിൻ ടെൻഡുൽക്കർ(15921),റിക്കി പോണ്ടിങ് (13378), ജാക്ക് കാലിസ് (13289), രാഹുൽ ദ്രാവിഡ് (13288) എന്നിവരാണ് റൂട്ടിൻ്റെ മുന്നിലുള്ളത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റർ എന്ന നേട്ടവും ജോ റൂട്ട് തന്റെ പേരിലാക്കി. മത്സരം തുടങ്ങുന്നതിന് മുൻപ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 5000 റൺസ് എന്ന നാഴികക്കല്ലിലെത്താൻ 27 റൺസായിരുന്നു റൂട്ടിന് വേണ്ടിയിരുന്നത്. ഓസ്ട്രേലിയയുടെ മാർനസ് ലബുഷാനെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ റൺവേട്ടക്കാരിൽ രണ്ടാമത്. 3904 റൺസാണ് സമ്പാദ്യം. 3484 റൺസുമായി സ്റ്റീവ് സ്മിത്ത് മൂന്നാമതുണ്ട്. 2594 റൺസ് നേടിയ രോഹിത് ശർമ്മയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നിലുള്ള ഇന്ത്യൻ താരം. 2334 റൺസുമായി തൊട്ടുപിന്നിൽ വിരാട് കൊഹ്ലിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |