വനിതാ ട്വന്റി -20 ലോകകപ്പിൽ ഇന്ത്യ ശ്രീലങ്കയെ 82 റൺസിന് തോൽപ്പിച്ച് സെമി പ്രതീക്ഷ സജീവമാക്കി
പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്, ഇനി കളി ഒന്നാമതുള്ള ഓസ്ട്രേലിയയോട്
ആശയ്ക്കും അരുന്ധതിക്കും മൂന്ന് വിക്കറ്റ് വീതം, ഹർമൻപ്രീത് പ്ളേയർ ഒഫ് ദ മാച്ച്
ദുബായ് : ശ്രീലങ്കയ്ക്ക് എതിരായ വനിതാ ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ 82 റൺസിന്റെ തകർപ്പൻ വിജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്ന് സെമിഫൈനൽ പ്രതീക്ഷ സജീവമാക്കി.
ഇന്നലെ ദുബായ്‌യിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എന്ന മികച്ച സ്കോർ ഉയർത്തിയ ശേഷം ലങ്കയെ 19.5 ഓവറിൽ 90 റൺസിന് ആൾഔട്ടാക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എയിൽ മൂന്ന് കളികളിൽ നിന്ന് ഇന്ത്യയ്ക്ക് നാലുപോയിന്റായി.13ന് ഓസീസിന് എതിരെയാണ് ഇന്ത്യയുടെ അടുത്തമത്സരം. നാലുപോയിന്റുള്ള ഓസീസാണ് ഗ്രൂപ്പിൽ ഒന്നാമത്.
അർദ്ധസെഞ്ച്വറികൾ നേടിയ നായിക ഹർമൻപ്രീത് കൗർ( 27 പന്തുകളിൽ എട്ടുഫോറും ഒരു സിക്സുമടക്കം (52 നോട്ടൗട്ട്), ഉപനായിക സ്മൃതി മാന്ഥന(38 പന്തുകളിൽ നാലുഫോറും ഒരു സിക്സുമടക്കം 50 റൺസ്) എന്നിവരുടേയും 40 പന്തുകളിൽ 43 റൺസ് നേടിയ ഓപ്പണർ ഷെഫാലി വെർമ്മയുടേയും മികവിലാണ് ഇന്ത്യ 172ലെത്തിയത്. നാലോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ മലയാളി ലെഗ്സ്പിന്നർ ആശ ശോഭനയും പേസർ അരുന്ധതി റെഡ്ഡിയുമാണ് ലങ്കൻ ബാറ്റിംഗിനെ തരിപ്പണമാക്കിയത്.രേണുക സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹർമൻപ്രീതാണ് പ്ളേയർ ഒഫ് ദ മാച്ച്.
ടോസ് നേടിയിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗ് വിക്കറ്റിൽ ഷെഫാലിയും സ്മൃതിയും ചേർന്ന് അടിച്ചുകൂട്ടിയ 98 റൺസായിരുന്നു ഇന്നിംഗ്സിന്റെ അടിത്തറ.ലങ്കൻ ബൗളർമാരെ നിഷ്പ്രഭരാക്കിക്കൊണ്ട് ഓപ്പണിംഗ് സഖ്യം 12.4-ാം ഓവർ വരെ കളം വാണു. ഷെഫാലി കരുതലോടെ കളിച്ചപ്പോൾ സ്മൃതി തന്റെ തനതുശൈലിയിൽ മനോഹരമായ സ്ട്രോക്ക് പ്ളേയിലൂടെ സ്കോർ ബോർഡ് ഉയർത്തിക്കൊണ്ടിരുന്നു. അർദ്ധസെഞ്ച്വറി തികച്ചതിന് തൊട്ടുപിന്നാലെ സ്മതി റൺഒൗട്ടായപ്പോഴാണ് ഹർമൻപ്രീത് കളത്തിലെത്തിയത്.എന്നാൽ തൊട്ടടുത്തപന്തിൽതന്നെ ഷെഫാലി ക്യാച്ചൗട്ടായി മടങ്ങുന്നത് ക്യാപ്ടന് കാണേണ്ടിവന്നു. ഇതോടെ ഇന്ത്യ 98/2 എന്ന നിലയിലായി.
കഴിഞ്ഞ മത്സരത്തിനിടെ കഴുത്തിന് പരിക്കേറ്റ് മടങ്ങിയിരുന്ന ഹർമൻ ഇതോടെ പരിക്ക് മറന്ന് ക്യാപ്ടന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കളിച്ചു.ജെമീമ റോഡ്രിഗസിനെ (16) ഒരറ്റത്ത് കൂട്ടുനിറുത്തി ഹർമൻ അർദ്ധ സെഞ്ച്വറിയിലേക്ക് കടന്നു.17-ാം ഓവറിൽ ജമീമ പുറത്തായ ശേഷം എത്തിയ റിച്ച ഘോഷിനെ(6) ഒപ്പം നിറുത്തിയാണ് ഹർമൻ ഇന്നിംഗ്സ് ഫിനിഷ് ചെയ്തത്.
മലയാളി താരങ്ങളായ സജനയും ആശയും ഇന്നലെയും പ്ളേയിംഗ് ഇലവനിലുണ്ടായിരുന്നു. എന്നാൽ ഇരുവർക്കും ബാറ്റിംഗിന് അവസരം ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |