ന്യൂഡൽഹി: ആസിയാൻ ഇന്ത്യാ - ഈസ്റ്ര് ഏഷ്യാ ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലാവോസിലെത്തും. ലാവോസ് പ്രധാനമന്ത്രി സൊനേക്‌സായ് സിഫൻഡോനെയുടെ ക്ഷണപ്രകാരം രണ്ടു ദിവസത്തെ സന്ദർശനമാണ് നിശ്ചയിച്ചിരിക്കുന്നത്. ആസിയാൻ - ഇന്ത്യ ഉച്ചകോടിയിൽ പത്താം തവണയാണ് മോദി പങ്കെടുക്കുന്നത്. ഇന്ത്യയുടെ ആക്‌ട് ഈസ്റ്റ് പോളിസിയുടെ പത്താം വാർഷികത്തിലാണ് ഉച്ചകോടിയെന്നത് പ്രാധാന്യമർഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാലയളവിൽ ഏഷ്യാ പസഫികിലെ രാജ്യങ്ങളുമായി വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കണക്‌ടിവിറ്റി, പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ സാധിച്ചു. പ്രവാസികളിൽ 20 ശതമാനത്തിൽപ്പരം ആസിയാൻ രാജ്യങ്ങളിലാണ് താമസിക്കുന്നത്. ഈസ്റ്ര് ഏഷ്യാ ഉച്ചകോടിയിൽ ഇന്ത്യ, യു.എസ്,റഷ്യ,ചൈന,ന്യൂസിലൻഡ്,റിപ്പബ്ലിക് ഒഫ് കൊറിയ,ജപ്പാൻ, ഓസ്‌ട്രേലിയ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ലോക നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഈസ്റ്റ് ജയ്‌ദീപ് മസുംദാർ അറിയിച്ചു.
പുരോഗതി വിലയിരുത്തും
ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധത്തിലെ സമഗ്രവും തന്ത്രപരവുമായ പുരോഗതി മോദിയും ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിലയിരുത്തും. സഹകരണത്തിന്റെ മുന്നോട്ടുള്ള ദിശ ചർച്ച ചെയ്യും. തെക്കു കിഴക്കൻ ഏഷ്യയിലെ ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ആസിയാൻ. ഏഴ് ആസിയാൻ രാജ്യങ്ങളിലേക്ക് നിലവിൽ ഇന്ത്യയിൽ നിന്ന് ഡയറക്‌ട് ഫ്ലൈറ്റുകളുണ്ട്. രണ്ട് രാജ്യങ്ങളിലേക്ക് കൂടി ഈവർഷം അവസാനത്തോടെ ഇത്തരത്തിൽ കണക്‌ടിവിറ്റിയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കി. വിയറ്റ്നാം, മ്യാൻമർ, ലാവോസ് എന്നിവിടങ്ങളിലെ പ്രകൃതി ദുരന്തങ്ങളിൽ അതിവേഗം ഇന്ത്യ ഇടപെടൽ നടത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
ലാവോസ് രാമായണം
ലാവോസിലെത്തുന്ന മോദിയെ ബുദ്ധസന്യാസിമാർ സ്വാഗതം ചെയ്യും. ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. ലാവോസിന്റെ തനത് രാമായണ കഥ പറയുന്ന പ്രത്യേക ഷോ വീക്ഷിക്കും. ഇന്ത്യൻ രാമായണത്തിന് സമാനമായി ലാവോയിലെ രാമായണത്തിന് ഫ്ര ലക് ഫ്ര രാം (ഫ്ര ലക്ഷ്‌മൺ ഫ്ര രാം) എന്നാണ് പേര്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ ഇതിഹാസം ലാവോസിൽ എത്തിച്ചത് ബുദ്ധമത പ്രചാരകരാണെന്ന് പറയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |