തിരുവനന്തപുരം : 20 വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കും സർക്കാരിന്റെ വിവിധ കമ്മിറ്റികളുടെ ഇടപെടലുകൾക്കും ഒടുവിൽ എക്‌സൈസിൽ സീനിയോരിട്ടി പട്ടിക പുനഃക്രമീകരിച്ച് വിജ്ഞാപനമിറക്കി.
2004 മുതൽ 2006വരെയുള്ള സീനിയോരിട്ടി ലിസ്റ്റിലെ അപാകതകളാണ് പരിഹരിച്ചത്. ഇക്കാലയളവിൽ 204 എക്സൈസ് ഇൻസ്‌പെക്ടർമാരുടെ ഒഴിവുകൾ ഉണ്ടായിരുന്നപ്പോൾ 237 പേർക്ക് സ്ഥാനക്കയറ്റം നൽകി. 27ഡയറക്ട് റിക്രൂട്ട്മെന്റ് ഇൻസ്‌പെക്ടർമാർക്ക് പകരം 68 പേർക്കും സ്ഥാനക്കയറ്റം നൽകി. അനുവദനീയമായ തസ്തികയ്ക്ക് മുകളിലേക്കാണ് സ്ഥാനക്കയറ്റമെന്ന് കണ്ടെത്തിയതോടെ കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് റൂൾസ് പ്രകാരം അപാകതകൾ പരിഹരിക്കാനും ലിസ്റ്റ് പുനഃപ്രസിദ്ധീകരിക്കാനുമുള്ള അധികാരം ഉപയോഗിച്ച് 2022ൽ സംസ്ഥാന സർക്കാർ സീനിയോരിറ്റി ലിസ്റ്റ് പുനഃക്രമീകരിക്കാൻ ഉത്തരവിറക്കി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സസൈസ് ഇൻസ്‌പെക്ടർ, അസി.എക്സൈസ് കമ്മീഷൻ എന്നിങ്ങനെയാണ് വകുപ്പിൽ സ്ഥാനക്കയറ്റം ലഭിക്കേണ്ടത്. എന്നാൽ പ്രിവന്റീവ് ഓഫീസറായിരുന്നവരെ നേരിട്ട് ഇൻസ്‌പെക്ടറാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ കണ്ടെത്തിയ രാജേഷ് എന്ന ഇൻസ്‌പെക്ടറെ 128 പേരുടെ താഴേക്ക് മാറ്റി. എന്നാൽ തനിക്കൊപ്പം സമാനമായി സ്ഥാനക്കയറ്റം ലഭിച്ചവർ എല്ലാം വിരമിച്ചെന്നും തന്റെ സീനിയോരിറ്റി നഷ്ടപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് ഇദ്ദേഹം സർക്കാരിനെ സമീപിച്ചു. ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചത് ക്രമവിരുദ്ധമായിട്ടാണെന്നും അന്ന് മിണ്ടാതിരുന്ന് അത് നേടിയെടുത്ത ശേഷം തെറ്റ് കണ്ടുപിടിച്ചപ്പോൾ തിരുത്തരുതെന്ന് ആവശ്യപ്പടാനാകില്ലെന്നും സർക്കാർ ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |