ന്യൂഡൽഹി: ഹരിയാനയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച രാജ്യത്തെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാൽ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. മറ്റ് രണ്ട് എം.എൽ.എമാരായ ദേവേന്ദർ കദ്യനും രാജേഷ് ജൂണും ബി.ജെ.പിയിൽ ചേർന്നു. ഇതോടെ നിയമസഭയിൽ ബി.ജെ.പിക്ക് 51 പേരാകും. ബി.ജെ.പിയുടെ അംഗബലം 48 ആണ്. കേവലഭൂരിപക്ഷം 46.
ഇന്നലെ ഹരിയാന ചുമതലയുള്ള കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് എന്നിവരുമായി കൂടിക്കാഴ് ച നടത്തിയ ശേഷമാണ് സാവിത്രി ജിൻഡാൽ പിന്തുണ പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ കുരുക്ഷേത്ര എം.പി നവീൻ ജിൻഡാലിന്റെ മാതാവായ സാവിത്രി ജിൻഡാൽ ഹിസാർ മണ്ഡലത്തിൽ നിന്ന് 18,941 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ബി.ജെ.പിയുടെ കമൽ ഗുപ്ത മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബി.ജെ.പി ടിക്കറ്റ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഭർത്താവും വ്യവസായിയുമായ അന്തരിച്ച ഓം പ്രകാശ് ജിൻഡാൽ കോൺഗ്രസ് ബാനറിൽ പ്രതിനിധീകരിച്ച ഹിസാറിൽ സാവിത്രി സ്വതന്ത്രയായി മത്സരിച്ചത്. 2005ൽ ഹിസാറിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തി. 2009ൽ വീണ്ടും ജയം. 2013ൽ ഭൂപീന്ദർ ഹൂഡ മന്ത്രിസഭയിൽ റവന്യു മന്ത്രി. എന്നാൽ 2024 മാർച്ചിൽ മകൻ നവീൻ ജിൻഡാലിനൊപ്പം ബി.ജെ.പിയിൽ ചേർന്നു.
അസാമിലെ തിൻസുകിയ സ്വദേശിയാണ് സാവിത്രി. ജിൻഡാൽ ഗ്രൂപ്പ് സ്ഥാപകൻ കൂടിയായിരുന്ന ഒ.പി ജിൻഡാൽ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ചതിന് പിന്നാലെ അവർ ചെയർപേഴ്‌സൺ ആയി. 2.44 കോടി രൂപയുടെ ആസ്ഥിയുള്ള 74കാരിയായ സാവിത്രിയെ രാജ്യത്തെ ഏറ്റവും ധനിക വനിതയായി ഈ വർഷം ഫോബ‌്സ് മാസിക തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |