തിരുവനന്തപുരം: സുഹൃത്തുക്കളെ കാണാൻ വേണ്ടി മാത്രമാണ് കൊച്ചിയിലെ ക്രൗൺപ്ളാസ ഹോട്ടലിൽ എത്തിയതെന്ന് ഗുണ്ടാനേതാവ് ഓംപ്രകാശ്. കൊച്ചിയിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവർ ഉൾപ്പെട്ട മയക്കുമരുന്ന് പാർട്ടി നടത്തിയത് ഓംപ്രകാശ് നേതൃത്വം നൽകിയ പാർട്ടിയിൽ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഓംപ്രകാശ്. മയക്കുമരുന്നുമായി നാളിതുവരെ ഒരുതരത്തിലുള്ള ഇടപാടും താൻ നടത്തിയിട്ടില്ലെന്നും, തനിക്കെതിരെ കേസ് ഫ്രെയിം ചെയ‌്തതാണെന്നും ഇയാൾ പറയുന്നു.
റൂമിൽ മദ്യമുണ്ടായിരുന്നു. പല സുഹൃത്തുക്കളും എത്തി. എന്നാൽ പലരെയും എനിക്ക് പരിചയമില്ല. അക്കൂട്ടത്തിൽ വന്നവരാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും. ഭാസിയെ പരിചയപ്പെട്ടു. ഭയങ്കര നന്നായി സംസാരിക്കുന്ന പയ്യൻ. ഷേക്ക് ഹാൻഡ് നൽകി, കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്. പെൺകുട്ടി നടി പ്രയാഗയാണെന്ന് പിന്നീടാണ് മനസിലായത്. സിനിമയിൽ കാണുന്ന പോലെ രൂപഭംഗിയുണ്ടായിരുന്നില്ല.
റൂമിൽ നിന്ന് ഒഴിഞ്ഞ ഒരു കവർ മാത്രമാണ് പൊലീസ് കണ്ടെടുത്തത്. അതും എന്റെ റൂമിൽ നിന്നല്ല. എന്റെ റൂമിൽ നിന്ന് ഒരു സിഗരറ്റ് കുറ്റി പോലും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ 15 ദിവസമായി ആന്റിബയോട്ടിക്ക് മരുന്ന് കഴിക്കുന്നയാളാണ് ഞാൻ. ലഹരി ഉപയോഗിക്കാൻ കഴിയില്ല. രണ്ട് കേസുകൾ മാത്രമാണ് എനിക്കെതിരെ നിലവിലുള്ളത്. എല്ലാ ആഴ്‌ചയും തിരുവനന്തപുരത്ത് കമ്മിഷണർ ഓഫീസിൽ പോയി ഒപ്പിടാറുണ്ട്. നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് എന്ന ലൈനാണ് തനിക്കുള്ളത്. വളരെ ശ്രദ്ധിച്ചാണ് മുന്നോട്ടു പോകുന്നത്. പക്ഷേ ഇപ്പോൾ ഒരിടത്തും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഓംപ്രകാശ് പറയുന്നു.
അതേസമയം, ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസി മരട് പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. രാവിലെ 10ന് ചോദ്യം ചെയ്യലിന്ഹാജരാകണമെന്ന് നേരത്തെ ശ്രീനാഥിനും പ്രയാഗയ്ക്കും പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, പാർട്ടി നടന്ന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി കെ. പീറ്റർ, ഭാര്യ സ്‌നേഹ എലിസബത്ത്, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെ ഇന്നലെ ചോദ്യം ചെയ്തു. ലഹരിപ്പാർട്ടിയിലേക്ക് താരങ്ങളെയടക്കം എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവർ. പാർട്ടിക്കെത്തിയ മറ്റ് 14 പേർക്കും പൊലീസ് നോട്ടീസ് നൽകും.
ഗുണ്ടാ നേതാവ് ഭായ് നസീറിന്റെ അനുയായിയായ ബിനുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഓംപ്രകാശും കൊല്ലം സ്വദേശിയായ കൂട്ടാളിയും നേരത്തെ അറസ്റ്റിലായിരുന്നു. പാർട്ടിക്ക് കൊക്കെയ്‌നെത്തിച്ചത് ബിനുവാണെന്നാണ് നിഗമനം. പാർട്ടിയിൽ പങ്കെടുത്ത ദമ്പതികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. എന്നാൽ പ്രയാഗ നല്ല കുട്ടിയാണെന്നും ആരോപണങ്ങളിലൂടെ മോശക്കാരിയാക്കാൻ ശ്രമിക്കരുതെന്നും പിതാവ് മാർട്ടിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
രാസപരിശോധനയിൽ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയ സിപ്പ് ലോക്ക് കവറിൽ കൊക്കെയ്ൻ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഓംപ്രകാശിന് ലഹരിപ്പാർട്ടി സംഘടിപ്പിക്കാൻ ഹോട്ടലുകളിൽ മുറിയെടുത്ത് നൽകിയ തിരുവാങ്കുളത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ബോബി ചലപതി ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |