മുള്‍ട്ടാന്‍: ആദ്യ ഇന്നിംഗ്‌സില്‍ 500ന് മുകളില്‍ സ്‌കോര്‍ ചെയ്ത ശേഷം അതേ ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഏറ്റുവാങ്ങുക. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നാണക്കേടിന്റെ പുതിയ റെക്കോഡുകള്‍ എഴുതിചേര്‍ക്കുന്നതിന്റെ തിരക്കിലാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യത്തേതില്‍ ഇന്നിംഗിസിനും 47 റണ്‍സിനുമാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ നാണംകെടുത്തിയത്. 267 റണ്‍സ് ലീഡ് വഴങ്ങിയ പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്‌സ് പോരാട്ടം വെറും 220 റണ്‍സില്‍ അവസാനിച്ചു.
സ്‌കോര്‍ : പാകിസ്ഥാന്‍ 558 & 220 | ഇംഗ്ലണ്ട് 827 -7 ഡിക്ലയര്‍ഡ് | പ്ലെയര്‍ ഓഫ് ദി മാച്ച്: ഹാരി ബ്രൂക്ക്
152-6 എന്ന സ്‌കോറില്‍ അവസാന ദിനം കളി ആരംഭിക്കുമ്പോള്‍ പാകിസ്ഥാന് ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ 115 റണ്‍സ് കൂടി വേണമായിരുന്നു. ക്രീസിലുണ്ടായിരുന്ന ആമിര്‍ ജമാല്‍, ആഗ സല്‍മാന്‍ സഖ്യത്തിലായിരുന്നു ആതിഥേയരുടെ അവസാന പ്രതീക്ഷ. എന്നാല്‍ ഈ സഖ്യം അധികം നീണ്ടില്ല. 63 റണ്‍സ് നേടിയ സല്‍മാന്‍ പുറത്തായതോടെ അത്ഭുതം സൃഷ്ടിക്കാമെന്ന പാക് പ്രതീക്ഷ അവസാനിച്ചു. പിന്നീട് ഷഹീന്‍ ഷാ അഫ്രീദി (10), നസീം ഷാ (6) എന്നിവരും പുറത്തായതോടെ ഇന്നിംഗ്‌സിന് തിരശീല വീണു. ഇംഗ്ലണ്ടിന് വേണ്ടി സ്പിന്നര്‍ ജാക് ലീച്ച് നാല് വിക്കറ്റുകള്‍ വീഴ്ത്തി.
ആമിര്‍ ജമാല്‍ (55) പുറത്താകാതെ നിന്നപ്പോള്‍ പരിക്കേറ്റ അബ്രാര്‍ അഹമ്മദ് ബാറ്റ് ചെയ്യാന്‍ എത്തിയില്ല. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗിസ് സ്‌കോറായ 558 ന് മറുപടിയായ 823 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്ക്, ഇരട്ട സെഞ്ച്വറി നേടിയ ജോ റൂട്ട് സഖ്യമാണ് കൂറ്റന്‍ സ്‌കോര്‍ നേടാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. അതേസമയം, ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ വെറും 220 റണ്‍സിന് പുറത്തായതില്‍ കടുത്ത രോഷത്തിലാണ് പാക് ആരാധകര്‍. രണ്ടാം ടെസ്റ്റ് ഇതേ വേദിയില്‍ ചൊവ്വാഴ്ച ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |