കൊച്ചി: നാല് ലക്ഷം രൂപയുടെ റോയൽ എൻഫീൽഡ് ഇന്റർസെപ്ടർ 650 ബൈക്ക് മോഷ്ടിച്ച ബി.ടെക്ക് വിദ്യാർത്ഥികളായ സുഹൃത്തുകൾ അറസ്റ്റിൽ. ഹരിയാനയിൽ ബി.ടെക് വിദ്യാർത്ഥിയായ കൊല്ലം സ്വദേശി സാവിയോ (21), കൊച്ചിയിൽ ബി.ടെക് വിദ്യാർത്ഥിയായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ചാൾസ് (21) എന്നിവരെയാണ് എളമക്കര പൊലീസ് അറസ്റ്റുചെയ്തത്. കാക്കനാട് പടമുകൾ സ്വദേശി മുഹമ്മദ് ഫായീസിന്റെ ബൈക്കാണ് 11ന് ഉച്ചയ്ക്ക് ഇടപ്പള്ളി ഗ്രാൻഡ്മാളിന്റെ മുന്നിൽ നിന്ന് മോഷ്ടിച്ചത്.
സാവിയോയും ചാൾസും കോട്ടയം പാലായിലെ സ്കൂളിലാണ് പ്ലസ് ടു പഠിച്ചത്. ഇരുവരും സമ്പന്ന കുടുംബാംഗങ്ങൾ. അവധിക്ക് നാട്ടിൽവന്ന സാവിയോ, ചാൾസിന്റെ എടത്തലയിലെ വാടകവീട്ടിലാണ് താമസിച്ചത്. ചാൾസിന്റെ ഇന്റർസെപ്റ്റർ ബൈക്ക് സ്വപ്നം അറിയാവുന്ന സാവിയോ കൊച്ചിയിൽ നിന്ന് മോഷ്ടിക്കാൻ പദ്ധതിയിട്ടു. രണ്ടാഴ്ചത്തെ തെരച്ചിലിലാണ് ഫായീസിന്റെ ബൈക്ക് ഒത്തുവന്നത്.
വ്യാജ നമ്പർപ്ലേറ്റുള്ള ബൈക്കിലെത്തിയ ഇരുവരും ബൈക്ക് നിമിഷനേരത്തിനുള്ളിൽ കടത്തി. സ്റ്റാർട്ടാകാത്തതിനാൽ ചവിട്ടിത്തള്ളിയാണ് കൊണ്ടുപോയത്. പിറ്റേന്ന് രാവിലെ ഫായീസ് പൊലീസിൽ പരാതി നൽകി. തുടർന്ന് ബൈക്ക് കടത്തുന്ന സി.സി.ടിവി ദൃശ്യം ലഭിച്ചു. പക്ഷേ എങ്ങോട്ട് കടത്തിയെന്ന് വ്യക്തമായില്ല. പ്രതികൾ താമസസ്ഥലത്ത് ബൈക്ക് വയ്‌ക്കുന്ന സി.സി.ടിവി ദൃശ്യം നൊച്ചിമയിൽ നിന്ന് ലഭിച്ചു. ഇതിനിടെ യൂട്യൂബ് നോക്കി ലോക്ക് തുറന്ന് പ്രതികൾ ബൈക്കുമായി സ്ഥലംവിട്ടിരുന്നു.
നിർണായകമായത് ടവർ ലൊക്കേഷൻ
വീട്ടുടമ നൽകിയ മൊബൈൽ നമ്പർ പരിശോധിച്ചപ്പോൾ ടവർ ലൊക്കേഷൻ കൊല്ലം കുണ്ടറയിലാണെന്ന് വ്യക്തമായി. തുടർന്ന് 13ന് വൈകിട്ട് പൊലീസ് കുണ്ടറയിലേക്ക് പോയി. ഈസമയം ചാൾസിനും കൂട്ടുകാർക്കൊപ്പം തറവാട്ടുവീട്ടിൽ ആഘോഷത്തിലായിരുന്നു സാവിയോ. രാത്രി വീടുവളഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇന്റീരിയർ ഡിസൈനറായ ഫായീസ് രണ്ട് മാസം മുമ്പാണ് സെക്കൻഡ് ഹാൻഡ് ഇന്റർസെപ്ടർ വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |