ന്യൂഡൽഹി: ജമ്മു കാശ്മീരിൽ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസിലെ ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ജമ്മു മേഖലയുടെ പ്രതിനിധിയായ നൗഷേരയിൽ നിന്നുള്ള സുരേന്ദർ ചൗധരിയാണ് ഉപമുഖ്യമന്ത്രി. നാഷണൽ കോൺഫറൻസിലെ ജാവേദ് റാണ, സകീന ഇൽതു, ജാവേദ് ദർ, സ്വതന്ത്രനായ സതീഷ് ശർമ്മ എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
അതേസമയം, കോൺഗ്രസ്, സി.പി.എം പ്രതിനിധികൾ മന്ത്രിസഭയിൽ ഇല്ല. മന്ത്രിസഭയിൽ തത്‌കാലം ചേരേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. സി.പി.എം എം.എൽ.എ യൂസഫ് തരിഗാമിയെ പിന്നീട് ഉൾപ്പെടുത്തിയേക്കും. ശ്രീനഗറിൽ മുത്തച്ഛൻ ഷെയ്ഖ് അബ്ദുള്ളയുടെ കബറിടത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് ഒമർ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. ശ്രീനഗറിലെ ഷേർ-ഇ-കാശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ മനോജ് സിൻഹ സത്യവാചകം ചൊല്ലിക്കൊടുത്തു.
രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, പ്രിയങ്ക ഗാന്ധി, സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി, ആംആദ്മി എം.പി സഞ്ജയ് സിംഗ്, ഒമറിന്റെ പിതാവും എൻ.സി നേതാവുമായ ഫറൂഖ് അബ്‌ദുള്ള, സി.പി.എം നേതാവ് പ്രകാശ് കാരാട്ട്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, എൻ.സി.പി ശരദ് പവാർ വിഭാഗം നേതാവ് സുപ്രിയ സുലേ, ഡി.എം.കെ നേതാവ് കനിമൊഴി തുടങ്ങിയവർ പങ്കെടുത്തു.
ആശംസ നേർന്ന് മോദി
തനിക്കും മന്ത്രിമാർക്കുമായി റോഡ് ഗതാഗതം തടസപ്പെടുത്തി ജനത്തെ ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഒമർ പൊലീസിന് നിർദ്ദേശം നൽകി. ഒമറിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേർന്നു. ജമ്മുകാശ്‌മീരിന്റെ വികസനത്തിനായി സംസ്ഥാന സർക്കാരുമായി ചേർന്നു പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസിൽ തർക്കം?
കോൺഗ്രസിന് ലഭിക്കാനിടയുള്ള മൂന്ന് മന്ത്രിപദത്തെച്ചൊല്ലി ആറ് എം.എൽ.എമാർക്കിടയിൽ തർക്കമുണ്ടായതാണ് മന്ത്രിസഭയിൽ തത്കാലം ചേരേണ്ടതില്ലെന്ന തീരുമാനത്തിൽ പാർട്ടി എത്തിയതെന്ന് സൂചനയുണ്ട്. എന്നാൽ, സംസ്ഥാന പദവി പുനഃസ്ഥാപിച്ചശേഷം ചേരുന്ന കാര്യം ആലോചിക്കുമെന്നാണ് പി.സി.സി അദ്ധ്യക്ഷൻ താരിഖ് ഹമീദ് കർറ പ്രതികരിച്ചത്. മന്ത്രിസഭാ രൂപീകരണത്തിൽ കോൺഗ്രസുമായി ഭിന്നതയില്ലെന്ന് മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പറഞ്ഞു. കോൺഗ്രസിന് എപ്പോൾ വേണമെങ്കിലും സർക്കാരിൽ ചേരാമെന്നും സീറ്റുകൾ ഒഴിച്ചിടുമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |