ബംഗളൂരു: കനത്ത മഴയെ തുടർന്ന് ബംഗളൂരുവിലെ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയെ മുൻനിർത്തിയാണ് പുതിയ പ്രഖ്യാപനം. പ്രൈമറി, സെക്കൻഡറി സ്‌കൂളുകൾക്കാണ് അവധി ബാധകം. കോളേജുകൾക്കും ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും പൊതു അവധി ബാധകമല്ല.
കനത്ത മഴ ജില്ലയിലെ പലയിടങ്ങളിലും വെളളക്കെട്ടുയരുന്നതിനും ഗതാഗതം തടസപ്പെടുന്നതിനും കാരണമായി. ബംഗളൂരുവിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് നഗരത്തിലെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. റോഡുകളിൽ വെളളം പൊങ്ങിയതോടെ യാത്രക്കാരോട് ജാഗ്രത പാലിക്കാനും പതിയെ വാഹനമോടിക്കാനും ട്രാഫിക് പൊലീസ് നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം രാത്രി മാത്രം ബംഗളൂരു സിറ്റിയിൽ 17.4 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഇന്ന് ബംഗളൂരുവിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. രാജരാജേശ്വരി നഗർ, കെങ്കേരി, ഹെബ്ബാൾ ജംഗ്ഷൻൻ, നാഗവാര, ഹൊറമാവ്, ഹെന്നൂർ, കസ്തൂരി നഗർ, രാമമൂർത്തി നഗർ, വിൻഡ്‌സർ മാനർ അണ്ടർപാസ്-മെഹ്‌ക്രി സർക്കിൾ, ഔട്ടർ റിംഗ് റോഡ് എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ ഇവിടങ്ങളിൽ നിർത്തിയിട്ടിരുന്ന പല വാഹനങ്ങളും വെളളത്തിൽ മുങ്ങിപ്പോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |