മുംബയ്: ഇന്ത്യ ചാമ്പ്യന്മാരായ ഐസിസി ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ താൻ കളിക്കേണ്ടതായിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. തന്നോട് കളിക്കാൻ തയ്യാറെടുക്കാൻ പറഞ്ഞിട്ട് ടോസിന് മുമ്പ് ആ തീരുമാനം മാറ്റുകയായിരുന്നെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സഞ്ജു പറഞ്ഞു. തന്നോട് കളിക്കുമെന്ന് പറഞ്ഞതും ഒടുവിൽ തീരുമാനം മാറ്റിയത് അറിയിച്ചതും നായകൻ രോഹിത് ശർമ്മ ആയിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തി.
ലോകകപ്പ് ടീമിൽ അംഗമായിരുന്ന സഞ്ജുവിന് ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. സന്നാഹ മത്സരത്തിൽ സഞ്ജു നിരാശപ്പെടുത്തിയതോടെ റിഷഭ് പന്തിനെ ടൂർണമെന്റിൽ കളിപ്പിക്കുകയായിരുന്നു. റിഷഭ് തിളങ്ങിയതോടെ സഞ്ജുവിന് പിന്നെ അവസരവുമുണ്ടായില്ല.എന്നാൽ ലോകകപ്പ് ഫൈനലിൽ സഞ്ജുവിനെ കളിപ്പിക്കാൻ ടീം മാനേജ്മെന്റ് ആദ്യം തീരുമാനമെടുത്തു. തയ്യാറായി നിൽക്കാൻ സഞ്ജുവിന് അറിയിപ്പും നൽകി. ഇതനുസരിച്ച് താൻ ശാരീരികമായും മാനസികമായും തയ്യാറെടുത്തു. ടോസിന് തൊട്ടുമുമ്പ് കഴിഞ്ഞ കളികളിൽ ജയിച്ച ടീമിനെതന്നെ നിലനിറുത്താൻ വീണ്ടും തീരുമാനമായിയെന്ന് സഞ്ജു വീഡിയോ അഭിമുഖത്തിൽ പറഞ്ഞു.
'വാം അപ്പിനിടെ രോഹിത് ഭായ് എന്നെ ഒരു ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നിട്ട് എന്തുകൊണ്ടാണ് അത്തരമൊരു തീരുമാനം എടുത്തതെന്ന കാര്യം വിശദീകരിക്കാൻ തുടങ്ങി. നമുക്ക് ആദ്യം മത്സരം ജയിക്കാം, എന്നിട്ട് സംസാരിക്കാമെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. എന്റെ അടുത്തു നിന്ന് പോയി ഒരു മിനിട്ടിനു ശേഷം അദ്ദേഹം തിരികെയെത്തി. എനിക്കറിയാം മനസിൽ നീ എന്നെ ശപിക്കുന്നുണ്ടെന്ന്. നീ സന്തോഷവാനല്ലെന്നും തോന്നുന്നുണ്ട്. എന്തോ നിന്റെ മനസിലുണ്ടെന്ന് തോന്നുന്നു എന്ന് പറഞ്ഞു. അതിനു ശേഷം ഞങ്ങൾക്കിടയിൽ ചെറിയ ചർച്ച നടന്നു. ഒരു കളിക്കാരനെന്ന നിലയിൽ എനിക്ക് കളിക്കണമായിരുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ ടീമിന്റെ തീരുമാനം മറിച്ചായാലും ഒപ്പം നിൽക്കുന്നുവെന്നും രോഹിത് ഭായ്‌യോട് പറഞ്ഞു. -സഞ്ജു വ്യക്തമാക്കി.
ലോകകപ്പ് ഫൈനൽ പോലെ വലിയ സമ്മർദം നിറഞ്ഞൊരു മത്സരത്തിന്റെ ടോസിന് മുമ്പ് തന്നെപ്പോലൊരു താരത്തെ ഒഴിവാക്കുന്ന കാര്യം വിശദീകരിക്കാൻ രോഹിത് ശർമ 10 മിനിട്ടോളമാണ്ചിലവഴിച്ചതെന്നും അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തിന് തന്റെ ഹൃദയത്തിൽ വലിയ സ്ഥാനമുണ്ടെന്നും സഞ്ജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |