തിരുവനന്തപുരം: എൻസിപി അജിത് പവാർ പക്ഷത്തേക്ക് മാറുന്നതിന് തോമസ് കെ തോമസ് എംഎൽഎ 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ എംഎൽഎ. ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല. ആന്റണി രാജുവുമായിട്ടോ തോമസ് കെ തോമസുമായിട്ടോ ഇങ്ങനെ ഒരു വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചിരുന്നെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'ആരും തനിക്ക് പണം വാഗ്ദാനം ചെയ്തിട്ടില്ല. ആന്റണി രാജുവുമായിട്ട് ഇങ്ങനെ ഒരു സംഭവത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. പണത്തിന്റെ ഇടപാടും സംസാരിച്ചിട്ടില്ല. തോമസ് കെ തോമസുമായിട്ടും സംസാരിച്ചിട്ടില്ല. ഞങ്ങൾ എല്ലാം സുഹൃത്തുക്കളാണ്'- കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
അർഹമായ പലതും കിട്ടേണ്ടതായിരുന്നു. കിട്ടിയിട്ടില്ല. അർഹമായ പ്രാതിനിധ്യം കിട്ടേണ്ടതായിരുന്നു. എന്നാൽ ഒരാളോടും പരിഭവം പറഞ്ഞിട്ടില്ലെന്നും കോവൂർ കുഞ്ഞുമോൻ വ്യക്തമാക്കി. 'വിഷയവുമായി മുഖ്യമന്ത്രി വിളിച്ചിരുന്നു. അദ്ദേഹത്തോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. കൊട്ടാരക്കരയിൽ നിന്ന് കാണാമെന്ന് പറഞ്ഞു. കൊട്ടാരക്കര റെസ്റ്റ് ഹൗസിൽ ഞാനും സിഎമ്മും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ കാര്യങ്ങളും പറഞ്ഞു. വല്ല പ്രശ്നവും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അങ്ങനെ സംഭവമുണ്ടായിട്ടില്ലെന്ന് പറഞ്ഞു. ഞാൻ അങ്ങനെ ഒന്നിന്റെ ഭാഗമായിട്ട് പോകുന്നയാളല്ലെന്നും പറഞ്ഞു'- കോവൂർ കൂട്ടിച്ചേർത്തു.
കുട്ടനാട് എംഎൽഎയായ തോമസ് കെ തോമസ് 50 കോടി രൂപ വാഗ്ദാനം ചെയ്ത് രണ്ട് എംഎൽഎമാരെ കൂറുമാറ്റം നടത്താൻ നീക്കം നടത്തിയെന്നാണ് ആരോപണം. ഈ ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോപണം നിഷേധിച്ചുകൊണ്ട് ഒരു കത്ത് തോമസ് കെ തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
എംഎൽഎമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി ലെനിനിസ്റ്റ്) എന്നിവർക്ക് 50 കോടി വീതം തോമസ് കെ തോമസ് വാഗ്ദാനം ചെയ്‌തെന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ പറയുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ എൻസിപിയിൽ ചേരാനായിരുന്നു ക്ഷണിച്ചത്. പിണറായി ഇക്കാര്യം ആന്റണി രാജുവിനെ വിളിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹം വിവരം സ്ഥിരീകരിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |