ആലപ്പുഴ : സംസ്ഥാനത്ത് മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം പ്രതിവര്‍ഷം വര്‍ദ്ധിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് 2020- 2025 മാര്‍ച്ച് വരെ 12524 പേരാണ് മറവി രോഗത്തിന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ വേറെയും.
മുന്‍കാലങ്ങളില്‍ മറവിരോഗ നിര്‍ണയം നടത്തുന്നവരുടെ എണ്ണം കുറവായിരുന്നു. കൃത്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെയാണ് ആളുകള്‍ ചികിത്സ തേടി എത്താന്‍ തുടങ്ങിയതാണ് രോഗികളുടെ കണക്കില്‍ വര്‍ദ്ധന ഉണ്ടാകാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
60 വയസിന് ശേഷമാണ് മറവി രോഗം കൂടുതലായി കണ്ടുവരുന്നത്. സി.ടി സ്‌കാന്‍, എം.ആര്‍.ഐ, ഇ.ഇ.ജി, എസ്.എസ്.ഇ.പി തുടങ്ങിയ പരിശോധനകള്‍ നടത്തിയാണ് രോഗം നിര്‍ണയിക്കുന്നത്. കൊവിഡ് വന്നുപോയവരിലും പ്രമേഹം, രക്തയോട്ടക്കുറവ്, കൊളസ്‌ട്രോള്‍, രക്താദിസമ്മര്‍ദ്ദം എന്നിവയുള്ളവരിലും മറവി രോഗം കൂടുതലായി കാണുന്നുണ്ട്.
കൂടുതല്‍ 60 വയസ് പിന്നിട്ടവര്‍
1. ചെറിയ മറവികള്‍ സ്വാഭാവികമാണെങ്കിലും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍ കണ്ടെത്താന്‍ പറ്റാത്ത മറവി, ദേഷ്യം എന്നിവ കൂടുതലായി ശ്രദ്ധിക്കണം
2. ഇവ അള്‍ഷിമേഴ്‌സിലേക്ക് എത്തിച്ചേക്കാം. സംശയം തോന്നിയാല്‍ ചികിത്സ തേടണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ രോഗനിര്‍ണയവും ചികിത്സയുമുണ്ട്
3. അനുദിനം വര്‍ദ്ധിച്ചുവരുന്ന ഓര്‍മ്മക്കുറവിനെയാണ് ശ്രദ്ധിക്കേണ്ടത്. മാനസിക സമ്മര്‍ദ്ദം, തൈറോയിഡ്, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ക്ക് മറവി വരാം
4. ഇത് അള്‍ഷിമേഴ്സല്ല. കാലക്രമേണ കൂടിവരുന്ന മറവിക്കാണ് ചികിത്സ തേടേണ്ടത്.
ശ്രദ്ധിക്കാം
പതിവായി ഉപയോഗിച്ചുകൊണ്ടിരുന്ന സാധനങ്ങള്‍ വച്ച സ്ഥലം മറന്നുപോകുക
അടുത്തകാലത്തായി ഉണ്ടായ കാര്യങ്ങള്‍ മറന്നുപോകുക
കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഭാഷ ലഭിക്കാതാകുക
ആളുകളെയും അവരുടെ പേരും മറക്കുക
എന്നും സഞ്ചരിക്കുന്ന വഴികള്‍ മറക്കുക
ചികിത്സ തേടിയവര്‍ (2020- 2025 മാര്‍ച്ച് വരെ)
2020- 1769
2021- 2002
2022- 2304
2023- 2763
2024- 3112
2025- 574
മറവി രോഗം പലകാരണങ്ങളാല്‍ ഉണ്ടാകുന്നുണ്ട്. പ്രായമായവരിലാണ് കൂടുതലായും കാണപ്പെടുന്നത്. കൃത്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനാല്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
-ഡോ. ബിജു ഭദ്രന്‍, എച്ച്.ഒ.ഡി, ന്യൂറോ സര്‍ജറി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |