കണ്ണൂർ: പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായശേഷം നൽകിയ നിർമ്മാണ കരാറുകളുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ പുറത്തുവരുന്നു. 2021 മുതൽ നിർമ്മാണ കരാർ കിട്ടിയ ഏക കമ്പനിയായ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് നടത്തിയ പ്രീ ഫാബ്രിക്കേറ്റ് നിർമ്മാണങ്ങൾ സംബന്ധിച്ചാണ് ആക്ഷേപം. മൂന്നു മൂന്നുവർഷത്തിനിടെ ഈ കമ്പനിക്ക് കിട്ടിയത് 12 കോടിയിലേറെ രൂപയുടെ കരാറാണെന്ന വിവരം പുറത്തു വന്നിരുന്നു. പ്രീ ഫാബ്രിക്കേറ്റഡ് നിർമ്മാണ കരാർ എടുക്കുന്നത് പൊതുമേഖലാ സ്ഥാപനമായ സിൽക്കാണ്. സിൽക്ക് ഉപകരാറിന് ടെൻഡർ വിളിക്കും. ഉപകരാർ മൂന്ന് വർഷമായി കാർട്ടൺ കമ്പനിക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. മോഡുലാർ ടോയിലറ്റ്, കെട്ടിടങ്ങൾ എന്നിവയാണ് കമ്പനി നിർമ്മിക്കുന്നത്. തെരുവ് നായ്ക്കളെ പാർപ്പിച്ച് വന്ധ്യംകരിക്കുന്ന ഇരിക്കൂർ പടിയൂരിലെ എ.ബി.സി കേന്ദ്രം നിർമ്മിച്ചതും ഈ കമ്പനിയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പേരിൽ ജില്ലാ പഞ്ചായത്ത് അനുമോദനം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിന്റെ നിർമ്മാണത്തിൽ അപാകത ഉണ്ടെന്ന ആക്ഷേപം ശക്തമാണ്. മറ്റു കമ്പനികൾ സമീപിച്ചിരുന്നുവെങ്കിലും കരാർ കിട്ടിയിരുന്നില്ല.
ജില്ലാ പഞ്ചായത്തിന്റെ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 63 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രീഫാബ്രിക്കേറ്റഡ് രീതിയിൽ കെട്ടിടം നിർമ്മിച്ചത്. 100 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ ഒരുക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെട്ടത്. 50 നായ്ക്കളെ പാർപ്പിക്കാനേ കഴിയൂ എന്നാണ് ആക്ഷേപം. ഓപ്പറേഷൻ തീയറ്ററുകൾ, പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് മുറികൾ, ജീവനക്കാർക്കുള്ള ഡോർമെറ്ററി, എ. ബി. സി ഓഫീസ്, സ്റ്റോർ, മാലിന്യ നിർമ്മാർജന സംവിധാനങ്ങൾ എന്നിവയാണ് മറ്റ് സൗകര്യങ്ങൾ. ഇവയുടെ ഗുണനിലവാരം സംബന്ധിച്ചും ആക്ഷേപമുണ്ട്.
സ്‌കൂളുകളുടെ നിർമ്മാണ
കരാറും സംശയാസ്പദം
# ജില്ലാ പഞ്ചായത്തിന് കീഴിൽ 2023-24 വർഷത്തിൽ മാത്രം 30 സ്‌കൂളുകളുടെ നിർമ്മാണ കരാറുകളാണ് ഇതേ കമ്പനി ഏറ്റെടുത്തത്. 2022-23 വർഷത്തിൽ 46 സ്‌കൂളുകളുടെ പ്രവൃത്തിയും ഇതേ കമ്പനിക്ക് നൽകി.
# തദ്ദേശ സ്ഥാപനങ്ങളിലെ പരസ്യബോർഡ് വച്ചതിൽ കാർട്ടൺ കമ്പനി അഴിമതി നടത്തിയതായി ആരോപണം ഉയർന്നിരുന്നു. 57,000 രൂപ മാത്രം ചെലവ് വരുന്ന ഒരു പരസ്യബോർഡ് മൂന്ന് ലക്ഷം രൂപയ്ക്കാണ് ചെയ്ത് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |