ചെറുതുരുത്തി: തൃശൂർ പൂരം കലങ്ങിയിട്ടില്ലെങ്കിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചതും എഫ്.ഐ.ആർ ഇട്ടതും എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു ചെറുതുരുത്തിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരം എഴുന്നള്ളിപ്പും വെടിക്കെട്ടുമെല്ലാം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. ഇലഞ്ഞിത്തറമേളവും തിരുവമ്പാടി ദേശത്തിന്റെ എഴുന്നള്ളിപ്പും മാത്രമല്ല,ആനയ്ക്ക് പട്ട കൊണ്ടുപോയവരെയും തടഞ്ഞു. ഇതൊന്നും ദേവസ്വവും പൂരപ്രേമികളും ചെയ്തതല്ല. രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് നിലപാട് മാറ്റുന്ന പിണറായി വിജയൻ പൂരം വിഷയത്തിൽ ആ സമീപനം മാറ്റണം. ശബരിമലയിൽ ആചാരലംഘനത്തിന് ഒത്താശ ചെയ്തയാളാണ് മുഖ്യമന്ത്രി. ഹിന്ദു ആചാരങ്ങളെയും ഉത്സവങ്ങളെയും തകർക്കാനുള്ള സി.പി.എം ശ്രമം വിലപ്പോകില്ല. തൃശൂർ പൂരം പിടിച്ചെടുക്കാൻ സി.പി.എം മുൻപേ ശ്രമിക്കുന്നതാണ്. അനാവശ്യ നിയന്ത്രണം ഇതിന്റെ ഭാഗമായിരുന്നോയെന്ന് പൂരപ്രേമികൾക്ക് സംശയമുണ്ട്. എസ്.പിയെ സസ്‌പെൻഡ് ചെയ്താൽ തീരുന്നതല്ല വിഷയം. അന്വേഷണത്തിലെ കണ്ടെത്തലുകൾ പുറത്തുവരണം. ആർ.എസ്.എസാണ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്ന എം.വി.ഗോവിന്ദന്റെ അഭിപ്രായം മുഖ്യമന്ത്രിയെയാണ് ഉന്നം വയ്ക്കുന്നതെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |