ഹൈദരാബാദ്: റോഡരികിലെ കടയിൽ നിന്ന് മോമോസ് കഴിച്ച 31കാരി ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ പ്രവർത്തിച്ചിരുന്ന കടയിൽ നിന്ന് മോമോസ് കഴിച്ച യുവതിയാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ മരിച്ചത്. ഇതേ കടയിൽ നിന്ന് വ്യത്യസ്ത ദിവസങ്ങളിലായി മോമോസ് കഴിച്ച 15 പേർക്കും ഭക്ഷ്യവിഷബാധയേറ്റു. ഇവരെ ഹൈദരാബാദിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബഞ്ചാര ഹിൽസിലെ ചിന്തൽ ബസ്തി എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഡൽഹി മോമോസ് എന്ന കടയിൽ നിന്നാണ് യുവതി മോമോസ് കഴിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബീഹാർ സ്വദേശികളായ ആറ് യുവാക്കൾ മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇവിടെ കട തുടങ്ങിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതായണ് വിവരം. മോമോസ് കഴിച്ച് മണിക്കൂറുകൾ കഴിയും മുൻപ് തന്നെ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് ബന്ധു പറഞ്ഞു. പിന്നാലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നും ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ബന്ധു വ്യക്തമാക്കി.
സംഭവത്തിൽ ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ പ്രദേശത്ത് പ്രവർത്തിക്കുന്ന ഭക്ഷ്യശാലകൾ ഉടൻ പൂട്ടിക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോടും പൊലീസിനോടും കർശന നിർദ്ദേശവും നൽകി. ഡൽഹി മോമോസിൽ തയ്യാറാക്കിയ ഭക്ഷണത്തിന്റെ സാമ്പിളുകൾ വിശദപരിശോധനയ്ക്ക് അയച്ചതായും പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |