പാലക്കാട്: നവീൻബാബു കേസിൽ പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ പശ്ചാത്തലത്തിൽ സിപിഎമ്മിനെയും സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം. ഇന്ന് പിപി ദിവ്യ കീഴടങ്ങുന്നുണ്ടെങ്കിൽ, അഥവാ പോലീസ് ദിവ്യയെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ, അതിനർത്ഥം ദിവ്യയെ ഇത്രയും ദിവസം സംരക്ഷിച്ചുകൊണ്ടിരുന്നതും ഇതേ പോലീസാണെന്ന് ബൽറാം പറഞ്ഞു. ഇത്ര ഗൗരവതരമായ ഒരു കേസിൽ, കേരളം ഒന്നടങ്കം പ്രതിയുടെ അറസ്റ്റ് ആഗ്രഹിക്കുമ്പോഴും, പ്രതിക്ക് സംരക്ഷണമൊരുക്കാൻ നാട് ഭരിക്കുന്ന പാർട്ടിക്ക് ധൈര്യമുണ്ടാകുന്നതെങ്ങനെയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
'സാധാരണ ഗതിയിൽ ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഇത്രയും നഗ്നമായ നിയമലംഘനം നടത്താനും ഒരു പരിധിക്കപ്പുറം ക്രിമിനലുകളെ സംരക്ഷിക്കാനും ആത്മവിശ്വാസമുണ്ടാകാൻ പാടില്ലാത്തതാണ്. എന്നാൽ തുടർഭരണം ലഭിച്ച കേരളത്തിൽ എന്തുമാവാമെന്നാണ് സിപിഎമ്മിന്റെ ചിന്ത. ജനവികാരമൊക്കെ തങ്ങൾക്ക് പുല്ലുവിലയാണ്, അതൊക്കെ ഇലക്ഷനടുക്കുമ്പോൾ മറ്റേതെങ്കിലും ഉഡായിപ്പിലൂടെ അനുകൂലമാക്കിയെടുക്കാവുന്നതേയുള്ളൂ എന്ന സിപിഎമ്മിന്റെ അഹങ്കാരമാണ് ഇതുപോലെയൊക്കെ പ്രവർത്തിക്കാൻ അവർക്ക് ധൈര്യം പകരുന്നത്'- വിടി ബൽറാം കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
ഇന്നിനി പിപി ദിവ്യ കീഴടങ്ങുന്നുണ്ടെങ്കിൽ, അഥവാ പോലീസ് ദിവ്യയെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ, അതിനർത്ഥം ദിവ്യയെ ഇത്രയും ദിവസം സംരക്ഷിച്ചുകൊണ്ടിരുന്നതും ഇതേ പോലീസാണെന്നതാണ്, ഇതേ പിണറായി വിജയനും സിപിഎമ്മുമാണെന്നതാണ്. ഒരു ക്രിമിനൽ കേസിൽ പ്രതിയെ സംരക്ഷിക്കുന്നതും കുറ്റകൃത്യമാണ്.
ഇത്ര ഗൗരവതരമായ ഒരു കേസിൽ, കേരളം ഒന്നടങ്കം പ്രതിയുടെ അറസ്റ്റ് ആഗ്രഹിക്കുമ്പോഴും, പ്രതിക്ക് സംരക്ഷണമൊരുക്കാൻ നാട് ഭരിക്കുന്ന പാർട്ടിക്ക് ധൈര്യമുണ്ടാകുന്നതെങ്ങനെ! സാധാരണ ഗതിയിൽ ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഇത്രയും നഗ്നമായ നിയമലംഘനം നടത്താനും ഒരു പരിധിക്കപ്പുറം ക്രിമിനലുകളെ സംരക്ഷിക്കാനും ആത്മവിശ്വാസമുണ്ടാകാൻ പാടില്ലാത്തതാണ്.
എന്നാൽ തുടർഭരണം ലഭിച്ച കേരളത്തിൽ എന്തുമാവാമെന്നാണ് സിപിഎമ്മിന്റെ ചിന്ത. ജനവികാരമൊക്കെ തങ്ങൾക്ക് പുല്ലുവിലയാണ്, അതൊക്കെ ഇലക്ഷനടുക്കുമ്പോൾ മറ്റേതെങ്കിലും ഉഡായിപ്പിലൂടെ അനുകൂലമാക്കിയെടുക്കാവുന്നതേയുള്ളൂ എന്ന സിപിഎമ്മിന്റെ അഹങ്കാരമാണ് ഇതുപോലെയൊക്കെ പ്രവർത്തിക്കാൻ അവർക്ക് ധൈര്യം പകരുന്നത്. ഇതിന് മറുപടി നൽകേണ്ടത് കേരളത്തിലെ ജനങ്ങൾ തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |