ഹൈദരാബാദ്: 30കാരനായ മകൻ മരിച്ചതറിയാതെ മാതാപിതാക്കൾ ഒപ്പം കഴിഞ്ഞത് നാല് ദിവസം. ഹൈദരാബാദിലെ ബ്ളൈൻഡ്‌സ് കോളനിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. പൂർണമായും അന്ധരായ മാതാപിതാക്കൾക്ക് മകൻ ദിവസങ്ങൾക്ക് മുൻപ് മരിച്ചു എന്നത് അറിയാനായില്ല. അയൽവാസികൾ ഇവരുടെ വീട്ടിൽനിന്നും ദുർഗന്ധം വരുന്നതറിഞ്ഞ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് തൊട്ടടുത്തുള്ള നാഗോളേ പൊലീസ് സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഹെഡ് ഓഫീസർ സൂര്യ നായകിന്റെ നേതൃത്വത്തിൽ പൊലീസെത്തിയപ്പോൾ വൃദ്ധദമ്പതികൾ മകനോട് വെള്ളം വേണമെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെടുന്നതാണ് കണ്ടത്. ഇവരുടെ ശബ്ദം തളർച്ച ബാധിച്ചതിനാൽ വളരെ നേർത്തതായിരുന്നു. അതുകൊണ്ട് അയൽവാസികൾ പോലും കേട്ടിരുന്നില്ല. അറുപത് വയസിന് മുകളിലുള്ളവരാണ് വൃദ്ധ ദമ്പതികൾ.
ഇരുവരും ഭക്ഷണമോ വെള്ളമോ കഴിക്കാതെ അർദ്ധബോധാവസ്ഥയിൽ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് പൊലീസ് ഇവരെ രക്ഷിച്ച് ഭക്ഷണവും വെള്ളവും നൽകി. ദമ്പതികളുടെ ഇളയ മകനാണ് മരിച്ചത്. ഇയാൾ ഇവർക്കൊപ്പം തന്നെയായിരുന്നു താമസം. ഉറക്കത്തിലാണ് ഇയാൾ മരിച്ചത് എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മൃതദേഹത്തിന് നാല് മുതൽ അഞ്ച് ദിവസം വരെ പഴക്കമുണ്ടായിരുന്നു. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന ഇവരുടെ മൂത്ത മകനെ പൊലീസ് വിളിച്ചുവരുത്തി തുടർ നടപടികൾ കൈക്കൊണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |