
ന്യൂഡൽഹി: സർവീസ് കാലയളവിനെ 2014 സെപ്തംബർ ഒന്ന് കണക്കാക്കി ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയവരുടെ തുക വെട്ടിക്കുറയ്‌ക്കുന്ന പ്രോ റേറ്റാ രീതി പിന്തുടരുന്നത് സുപ്രീംകോടതി നിർദ്ദേശമനുസരിച്ചെന്ന് കേന്ദ്ര തൊഴിൽ സഹ മന്ത്രി ശോഭാ കരന്തലജെ ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. മറുപടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എം.പി പ്രതികരിച്ചു.
ഇ.പി.എഫ് അംഗങ്ങളുടെ പെൻഷൻ പ്രോറേറ്റാ രീതിയിൽ കണക്കാക്കുമ്പോൾ എല്ലാ പെൻഷൻകാരേയും ഒരേപോലെ പരിഗണിക്കാനാകുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഈ രീതി തെറ്റാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിട്ടില്ലെന്നും സഹമന്ത്രി പറഞ്ഞു..
പക്ഷേ യഥാർത്ഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഉയർന്ന പെൻഷൻ നൽകണമെന്ന 2022 നവംബർ നാലിന്റെ വിധിയിലോ ശേഷമോ സുപ്രീംകോടതി പ്രോ റേറ്റാ വിഷയം പരിഗണിച്ചിട്ടില്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. പ്രോ റേറ്റാ രീതിക്കെതിരായ ഹിമാചൽപ്രദേശ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തെങ്കിലും സുപ്രീംകോടതിയിൽ അപ്പീൽ വന്നിട്ടില്ല.പ്രോ റേറ്റാ രീതിയിൽ സർവീസ് കാലയളവിനെ 2014 സെപ്തംബർ ഒന്നിന് മുൻപും ശേഷവുമെന്ന് തരംതിരിച്ച് കണക്കാക്കുന്നതിനാലാണ് പെൻഷൻ കുറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |