പത്തനംതിട്ട : കൈപ്പട്ടൂർ സെന്റ് ഇഗ്‌നേഷ്യസ് ഓർഡോക്സ് പള്ളിയിൽ നിന്നുള്ള 56 ാമത് പരുമല പദയാത്രയ്ക്കു നാളെ രാവിലെ തുടക്കമാകും. ഓർഡോക്സ് സഭയിൽ ഇദംപ്രഥമമായി ആരംഭിച്ച പദയാത്രയാണ് കൈപ്പട്ടൂരിലേത്. നാളെ രാവിലെ ഏഴിന് കൈപ്പട്ടൂർ പള്ളിയിൽ നിന്നാരംഭിക്കുന്ന പദയാത്ര നഥാനിയേൽ റമ്പാൻ ആശിർവദിക്കും. മണ്ണീറയിൽ നിന്നുള്ള പദയാത്രാ സംഘവും കൈപ്പട്ടൂർ സംഘത്തോടൊപ്പം ചേരും. തുമ്പമൺ, കുളനട, ചെങ്ങന്നൂർ വഴി പാണ്ടനാട് പള്ളിയിൽ വൈകുന്നേരം എത്തുന്ന തീർത്ഥാടക സംഘം അവിടെനിന്ന് കത്തിച്ച മെഴുകുതിരികളുമായി പരുമല കബറിങ്കലേക്കു നീങ്ങും. മലങ്കരയിലെ പദയാത്രയുടെ മാതാവ് എന്ന നാമകരണം നടത്തിയിട്ടുള്ള പദയാത്രയാണ് കൈപ്പട്ടൂരിലേത്.
പദയാത്രയേ തുടർന്ന് പരുമല പള്ളി അങ്കണത്തിൽ എം.ജി.എം ഗായകസംഘത്തിന്റെ ഗാനാലാപനവും ഉണ്ടാകും. വികാരി ഫാ.ജോർജ് പ്രസാദ്, വൈസ് പ്രസിഡന്റ് ഫാ.അബിമോൻ വി.റോയി, ജനറൽ കൺവീനർ ലിന്റോ എം.ലോയിഡ്, ജനറൽ സെക്രട്ടറി ആഷിക് പള്ളിയേനാത്ത, പബ്ലിസിറ്റി കൺവീനർ ജോജി ഫിലിപ്പ്, ബൈജു രാജൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |