തിരുവനന്തപുരം:അസാധാരണമായ സുഗന്ധമുള്ള ഭാഷയിലാണ് ഗുരു നിത്യചൈതന്യയതി എഴുതിയിരുന്നതെന്ന് വർക്കല നാരായണഗുരുകുലം അദ്ധ്യക്ഷൻ മുനിനാരായണപ്രസാദ് പറഞ്ഞു. യതി എഴുതിയതിൽ ഏറ്റവും മഹത്തായത് 'ബൃഹദാരണ്യകോപനിഷത്ത് ' ആണ്..വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നാരായണ ഗുരുകുലം സംഘടിപ്പിച്ച ഗുരു നിത്യചൈതന്യ യതിയുടെ ജന്മശതാബ്ദി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആധുനിക ശാസ്ത്രവും വേദാന്ത സത്യവും രണ്ടാണ്. വേദാന്തത്തിൽ ചിന്തിക്കുന്ന വ്യക്തിയും ചിന്താവിഷയവും ഒന്നാകുന്ന അവസ്ഥയുണ്ട്. ശാസ്ത്രത്തിലാവട്ടെ ഭിന്നതയുണ്ട്. നടരാജ ഗുരുവിന്റെ ഘടനാവാദത്തിന് തന്റേതായ ഭാവം നൽകി ലളിതമാക്കി അവതരിപ്പിച്ചതു കൊണ്ടാണ് യതിയുടെ എഴുത്ത് അലൗകികമായത്. ലോകത്തിന്റെയും സത്യത്തിന്റെയും സ്വരൂപ ഘടനയെക്കുറിച്ചുള്ള നടരാജഗുരുവിന്റെ ചിന്തകളെ തന്റെ ഭാഷയിലൂടെ യതി തലമുറകൾക്ക് സ്വീകാര്യമാക്കി. സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് താൻ ഗുരുനിത്യചൈതന്യയതിയെ ആദ്യം കാണുന്നത്. ഗുരുകുലത്തിലെത്തിയത് ദൈവനിയോഗമായി കാണുന്നു. തന്നെ എഴുത്തിന്റെ ലോകത്തേക്ക് ആകർഷിച്ചത് ഗുരുവാണ്. ഗുരുകുലം മാസികയിൽ താൻ എഴുതുന്നതു വായിച്ച്, ഇതു ഞാൻ എഴുതിയതു പോലെയുണ്ടല്ലോ എന്ന് അദ്ദേഹം പറയുന്നതു കേൾക്കുമ്പോൾ വലിയ ആഹ്ലാദമാണ് അനുഭവപ്പെട്ടിരുന്നത്. ആ എഴുത്ത് ഇന്നും തുടരുന്നു. രോഗമായിരുന്നാലും വെറുതേയിരിക്കാൻ സമയം തികയില്ല- മുനിനാരായണപ്രസാദ് പറഞ്ഞു.
ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തെ സമകാലീനമാക്കിയത് ഗുരു നിത്യചൈതന്യയതിയുടെ മഹത്തായ സംഭാവനയാണെന്ന് കവി പ്രഭാവർമ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ തത്വജ്ഞാനമുൾപ്പെടെയുള്ള ആദ്ധ്യാത്മിക പാരമ്പര്യത്തെ പുതിയ കാലത്തിനും തലമുറകൾക്കും സ്വാംശീകരിക്കാൻ കഴിയുന്ന രീതിയിൽ യതി ലളിതമാക്കി. ജീവിതത്തിൽ വ്യക്തിപരമായ ആഘാതത്തിലൂടെ കടന്നുപോയ ഒരു ഘട്ടത്തിൽ യതിക്ക് താനൊരു കത്തെഴുതി. മറുപടിക്കത്തിൽ ഗുരു നൽകിയ ഉപദേശം ആ ദുഃഖത്തിൽ നിന്ന് കരകയറാൻ ഏറെ സഹായിച്ചു. തന്റെ 'അർക്കപൂർണിമ' എന്ന കാവ്യസമാഹാരത്തിന് അവതാരിക എഴുതി അനുഗ്രഹിച്ചത് യതിയാണെന്നും പ്രഭാവർമ അനുസ്മരിച്ചു.
മുനിനാരായണ പ്രസാദ് എഴുതിയ '100 പ്രവാചക വചനങ്ങൾ' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. സി.എച്ച്.മുസ്തഫ മൗലവി പുസ്തകം പരിചയപ്പെടുത്തി. ജയമോഹൻ, ഡോ.പീറ്റർ ഓപ്പൻഹൈമർ, ഡോ.കായംകുളം യൂനുസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന്, ഗുരു നിത്യചൈതന്യ യതിയെക്കുറിച്ചുള്ള ഓർമ പങ്കുവയ്ക്കലും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |