തിരുവനന്തപുരം: സിനിമയുടെ സകലകലാവല്ലഭൻ കമലഹാസൻ സപ്തതിയിലേക്ക്. ഈ മാസം 7നാണ് എഴുപതാം പിറന്നാൾ. അന്ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയേക്കും. ഹെറിറ്റേജ് ഫൗണ്ടേഷന്റെ ഫിലിം പ്രിസർവേഷൻ ആൻഡ് റെസ്റ്റോറേഷൻ ശില്പശാലയിലേക്കാണ് ക്ഷണം. ഫൗണ്ടേഷന്റെ ഉപദേശകൻ കമലാണ്.
1960ൽ, ആറാം വയസിൽ ജെമിനി ഗണേശനും സാവിത്രിക്കുമൊപ്പം 'കളത്തൂർ കണ്ണമ്മ'യിലൂടെ അരങ്ങേറ്റം. അതിൽ ബാലനടനുള്ള ദേശീയ പുരസ്‌കാരവും നേടി. 'കണ്ണും കരളും' എന്ന മലയാള ചിത്രം ഉൾപ്പെടെ അഞ്ചു സിനിമയിൽ മൂന്നു കൊല്ലത്തിനിടെ ബാലതാരമായി.
1963നുശേഷം പഠനത്തിനായി ഇടവേള. 1970ൽ സിനിമയുടെ സങ്കേതികവശങ്ങളും പഠിച്ചായിരുന്നു തിരിച്ചുവരവ്. 1973ൽ കെ. ബാലചന്ദറിന്റെ 'അരങ്ങേറ്റം' വഴിത്തിരിവായി. അതേവർഷം കന്യാകുമാരിയിലൂടെ മലയാളത്തിൽ നായകൻ പിന്നെ സൂപ്പർ താരമായി വളർച്ച. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഹിറ്റുകൾ. 81ൽ ഏക് ദൂജേ കേലിയേയിലൂടെ ബോളിവുഡിൽ.
230 ചിത്രങ്ങളിൽ നായകനായി. ഇതിൽ 28 മലയാളം സിനിമകളാണ്.
രാജ പാർവൈ, അപൂർവ സഹോദരങ്ങൾ, മൈക്കിൾ മദന കാമരാജൻ, തേവർ മകൻ, മഹാനദി, ഹേറാം, ആളവന്താൻ, അൻപേ ശിവം, നള ദമയന്തി, വിരുമാണ്ടി, ദശാവതാരം, മൻമദൻ അമ്പ് തുടങ്ങിയ ഹിറ്റുകൾക്ക് കഥയൊരുക്കി. രാജ്കമൽ ഇന്റർനാഷണൽ നിർമ്മാണ കമ്പനി സ്ഥാപിച്ചു. ഹേ റാം, വിശ്വരൂപം തുടങ്ങി അഞ്ച് സിനിമകൾ സംവിധാനം ചെയ്തു. ചില ചിത്രങ്ങൾക്ക് ഗാനമെഴുതി. എഴുപതോളം ഗാനങ്ങൾ പാടി. നൃത്തത്തിലും അപാര സിദ്ധി.
ടോർച്ച് വെട്ടത്തിൽ
തെളിഞ്ഞ അത്ഭുതം
ചെന്നൈ സന്തോം സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കമലഹാസൻ സിനിമയിൽ എത്തിയതിനു പിന്നിലും രസകരമായ സംഭവമുണ്ട്. മെയ്യപ്പ ചെട്ടിയാരുടെ എ.വി.എം കമ്പനി കുളത്തൂർ കണ്ണമ്മയുടെ പ്രാരംഭജോലികൾ തുടങ്ങിയ സമയം. ജെമിനിയുടെ മകനായി തീരുമാനിച്ചത് പ്രശസ്ത ബാലതാരം ഡെയ്സി ഇറാനിയെ. ഒരുനാൾ ചെട്ടിയാരുടെ കുടുംബ ഡോക്ടർ സാറാ രാമചന്ദ്രൻ ഒരു ബാലനുമായി വീട്ടിലെത്തി. അവന്റെ അഭിനയതാത്പര്യം ഡോക്ടർ അറിയിച്ചു. കൈയിലിരുന്ന ടോർച്ച് തെളിച്ച് ചെട്ടിയാർ പറഞ്ഞു, നീ ഒന്ന് അഭിനയിച്ച് കാണിച്ചേ... ആ വെട്ടത്തിലൂടെ കമൽ നടന്നു കയറിയത് ഉലക നായകൻ പദവിലിയേക്ക്. മക്കൾ നീതി മയ്യം പാർട്ടി രൂപീകരിച്ചപ്പോൾ കമൽ ചിഹ്നമാക്കിയതും 'ടോർച്ച് '.
ഇനി രാജ്യസഭ
കമലഹാസൻ അടുത്ത വർഷം രാജ്യസഭയിൽ എത്തിയേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെ മുന്നണിയിൽ കമലിന്റെ പാർട്ടി ചേർന്നിരുന്നു. ധാരണ പ്രകാരം അടുത്ത വർഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കമലിന് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |