SignIn
Kerala Kaumudi Online
Saturday, 25 April 2026 4.22 AM IST

പീച്ചി ഡാം തുറന്നുവിട്ട ദുരന്തം കളക്ടറുടെ റിപ്പോർട്ടിൽ നടപടിയെടുക്കാതെ സർക്കാർ

Increase Font Size Decrease Font Size Print Page
photo
1

തൃശൂർ: പീച്ചി ഡാമിൽ നിന്ന് മുന്നറിയിപ്പില്ലാതെ അധികജലം തുറന്നുവിട്ട് കർഷകർക്കും വ്യാപാരികൾക്കും കോടികളുടെ നഷ്ടമുണ്ടായ സംഭവത്തിൽ കളക്ടർ റിപ്പോർട്ട് നൽകിയെങ്കിലും നടപടിയെടുക്കാൻ മടിച്ച് സർക്കാരും പൊലീസും. കഴിഞ്ഞ ജൂലായ് 29നാണ് പീച്ചി ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടത്. കനത്ത മഴയിൽ വെള്ളം ഉയർന്നതോടെ പരമാവധി 30 സെന്റിമീറ്റർ വരെ ഷട്ടറുകൾ ഉയർത്താനായിരുന്നു നിർദ്ദേശം. എന്നാൽ രാത്രിയിൽ 175 സെന്റിമീറ്ററോളം ഉയർത്തിയതോടെ മണലിപ്പുഴയിൽ ജലനിരപ്പ് ഉയർന്ന് സമീപത്തെ വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറുകയായിരുന്നു.

ഡാം മാനേജ്‌മെന്റിന്റെ വീഴ്ചയാണെന്നും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ പരാതിയെത്തുടർന്നാണ് കളക്ടർ അർജുൻ പാണ്ഡ്യൻ അന്വേഷണത്തിന് സബ് കളക്ടർ മുഹമ്മദ് ഷഫീക്കിനെ ചുമതലപ്പെടുത്തിയത്. ഇതിൽ 43 കോടിയുടെ നഷ്ടം കണ്ടെത്തിയിരുന്നു. സെപ്തംബറിൽ കളക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും ഇതുവരെ നടപടികളുണ്ടായിട്ടില്ല. തുടർന്ന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഡി.ജി.പിയോടും തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയോടും തുടർനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയെങ്കിലും എഫ്.ഐ.ആർ പോലും ഇട്ടിട്ടില്ല.

ഒറ്റരാത്രിയിൽ നഷ്ടം കോടികൾ

ഒറ്റ രാത്രികൊണ്ട് വെള്ളം ഇരച്ചു കയറിയതോടെ വീടുകളിലെ സാധനങ്ങൾ നശിക്കുകയും മോട്ടോറുകളും കാർഷിക വിളകളും വെള്ളത്തിനടിയിലാകുകയും ചെയ്തു. കർഷകരും വ്യാപാരികളും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരങ്ങൾ നടത്തിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. പ്രളയം മനുഷ്യനിർമ്മിതമാണെന്ന് തെളിഞ്ഞിട്ടും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ സർക്കാരും പൊലീസും ഒളിച്ചുകളിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. സാധാരണക്കാരായ കർഷകരുടെ പതിനായിരക്കണക്കിന് വാഴകളാണ് വെള്ളത്തിൽ മുങ്ങി നശിച്ചത്. ഒട്ടുമിക്ക കർഷകരും ലോണെടുത്താണ് വാഴക്കൃഷി നടത്തിയിരുന്നത്. ഡാമിലെ വെള്ളം തുറന്നുവിട്ടതു മൂലമല്ല വെള്ളപ്പൊക്കമുണ്ടായതെന്നാണ് മന്ത്രി കെ. രാജന്റെ നിലപാട്. പ്രളയം മനുഷ്യനിർമിതമാണെന്ന് പറഞ്ഞാൽ നഷ്ടപരിഹാരം കിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം.

ഇനിയും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ലോകായുക്തയെ സമീപിക്കും. കോടികളുടെ നഷ്ടമുണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. അവസാനം വരെ സാധാരണക്കാരായ കർഷകർക്കായി പോരാടും.

- അഡ്വ. ഷാജി കോടങ്കണ്ടത്ത്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.