ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെയുള്ള കനേഡിയൻ മന്ത്രിയുടെ ഗുരുതര ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. അതിരുവിട്ട നടപടി തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പും നൽകി.
ഡൽഹി കനേഡിയൻ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് മുന്നറിയിപ്പ് നൽകിയത്. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇന്നലെ ഇക്കാര്യം പുറത്തുവിട്ടത്.
കാനഡ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണാണ് ഷായ്ക്കെതിരെ കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചത്. ഖാലിസ്ഥാൻ ഭീകരൻ നിജ്ജാർ വധത്തിനുൾപ്പെടെ ഷാ ഉത്തരവിട്ടിരുന്നെന്നായിരുന്നു മോറിസൺ പറഞ്ഞത്.
കനേഡിയൻ മന്ത്രിയുടേത് അസംബന്ധ ജല്പനമാണ്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനും മറ്റു ചില രാജ്യങ്ങളെ സ്വാധീനിക്കാനുമുള്ള ശ്രമമാണ്. അടിസ്ഥാനരഹിത വിവരങ്ങൾ ബോധപൂർവം മാദ്ധ്യമങ്ങൾക്ക് നൽകുന്നു. ഇതെല്ലാം ട്രൂഡോ സർക്കാരിന്റ രാഷ്ട്രീയ അജൻഡയാണ്.
പാർലമെന്റ് ഹില്ലിലെ ദീപാവലി ആഘോഷം കാനഡ റദ്ദാക്കിയത് നിർഭാഗ്യകരമാണെന്നും ഇന്ത്യ അറിയിച്ചു. ഇന്ത്യാവിരുദ്ധ അന്തരീക്ഷം വളർത്താൻ ആഘോഷത്തെപ്പോലും ഉപയോഗിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികളുടെയും താത്‌കാലിക ജോലിക്കാരുടെയും സുരക്ഷയിൽ ആശങ്കയുണ്ട്. ഇതൊക്കെ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും രൺധീർ പറഞ്ഞു.
സൈബർ ശത്രുവെന്നും അധിക്ഷേപം
ഇന്ത്യ സൈബർ ആക്രണം നടത്തുന്നെന്നാണ് കാനയുടെ മറ്റൊരാരോപണം. ഒരു തെളിവുമില്ലാതെ പടച്ചുവിടുകയാണ്. സൈബർ ശത്രു എന്നാണ് ഇന്ത്യയെ വിശേഷിപ്പിച്ചത്. ആഗോള തലത്തിൽ മോശമാക്കുകയാണ് ലക്ഷ്യം. ഇക്കാര്യം അവരുടെ ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചിട്ടുണ്ട്.
ഇന്ത്യൻ ഉദ്യോഗസ്ഥരെ ഭീതിയിൽ നിറുത്തുന്നു
നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ അനാവശ്യ നിരീക്ഷണം തുടരുന്നതിലും ഇന്ത്യ പ്രതിഷേധിച്ചു. ദൃശ്യങ്ങളും ശബ്‌ദവും (ഫോൺ) ചോർത്തുന്നു. ഇന്ത്യയിലേക്കുള്ള ആശനവിനിയമം പരിശോധിക്കുന്നു. ഇത് നയതന്ത്ര, കോൺസുലർ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇത്തരം പീഡനങ്ങൾ ന്യായീകരിക്കാനാകില്ല. ഉദ്യോഗസ്ഥരെ ഭീതിയിലാക്കുകയാണ്. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും.
വഷളാക്കി വഷളാക്കി ട്രൂഡോ എങ്ങോട്ട്?
ഹർദീപ് സിംഗ് നിജ്ജാർ 2023 ജൂൺ 18ന് കാനഡയിൽ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്‌ക്ക് സമീപത്ത് വെടിയേറ്റ് മരിച്ചതോടെയാണ് തർക്കങ്ങളുടെ തുടക്കം
വധത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് 2023 ഒക്ടോബറിൽ കാനഡ പ്രധാനമന്ത്രി ട്രൂഡോ ആരോപിച്ചു. പിന്നാലെ മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കി
ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മിഷണർ കാമറൂൺ മക്കേയെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു. 41 ഉദ്യോഗസ്ഥരെ ഇന്ത്യയുടെ ആവശ്യപ്രകാരം തിരിച്ചു വിളിച്ചു
കഴിഞ്ഞ മാസം ഹൈക്കമ്മിഷണർ സഞ്ജയ് വർമ്മ ഉൾപ്പെടെ ആറു നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചു. കാനഡ ആവശ്യപ്പെട്ട പ്രകാരമാണിത്
ഡൽഹി എംബസിയിലെ ആറ് ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി
അതേസമയം, നിജ്ജാർ വധത്തിലുൾപ്പടെ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും കാനഡയുടെ പക്കലില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |