തിരുവനന്തപുരം: സന്ദീപ് വാര്യർ വിഷയം പാർട്ടിയെ ഒരുതരത്തിലും പ്രതിസന്ധിയിലാക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരു പ്രതിസന്ധിയും സന്ദീപ് വിഷയം ഉണ്ടാക്കുന്നില്ല. പാർട്ടിയുടെ മുതിർന്ന നേതാവും ജനറൽ സെക്രട്ടറിയുമായ പി. സുധീർ സന്ദീപിനെ കണ്ട് സംസാരിച്ചതാണെന്നും, സന്ദീപ് വാര്യർ ഏതുവരെ പോകുമെന്ന് നോക്കാമെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
ഞാൻ തന്നെ രണ്ടുതവണ സന്ദീപിനോട് സംസാരിച്ചതാണ്. പാർട്ടി അച്ചടക്ക നടപടി നേരത്തെ എടുത്തിരുന്നതാണ്. അന്നൊക്കെ അത് പിൻവലിച്ച് ചേർത്ത് പിടിക്കുകയാണ് ചെയ‌്തത്. തിരഞ്ഞെടുപ്പ് സമയത്തല്ല ഇതൊക്കെ ചർച്ച ചെയ്യേണ്ടത്. സന്ദീപ് ഉൾപ്പടെ നിരവധി യുവനിരയെ ഞങ്ങൾ വളർത്തിയിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ഞാൻ മത്സരിച്ചപ്പോൾ എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല പ്രത്യേകം സന്ദീപിനെ വിളിച്ച് കൊടുത്തിരുന്നു. ഏറ്റവും റേറ്റിംഗുള്ള ചാനലുകളിലാണ് അന്ന് സന്ദീപിനെ അയച്ചത്.
മാദ്ധ്യമ ശ്രദ്ധയും വലിയ പരിവേഷവും വീരാരാധനയുമൊക്കെ എത്ര ദിവസമുണ്ടാകും? മാദ്ധ്യമങ്ങൾ എത്ര ദിവസം സന്ദീപിന്റെ പിന്നാലെ പോകും? മുങ്ങുന്ന കപ്പലുകളായ സിപിഎമ്മിലേക്കും കോൺഗ്രസിലേക്കും ആരെങ്കിലും പോകുമോ എന്നും സുരേന്ദ്രൻ ചോദിച്ചു.
ബിജെപിയോട് ഇടഞ്ഞു നിൽക്കുന്നതിലെ കാരണം വെളിപ്പെടുത്തി സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്‌റ്റ് പങ്കുവച്ചിരുന്നു. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി കൃഷ്‌ണകുമാറുമായുള്ള മാനസിക അകൽച്ചയാണ് തന്റെ പിന്മാറ്റത്തിന് കാരണമെന്ന് സന്ദീപ് വിശദമാക്കി. അമ്മ മരിച്ച് കിടന്നപ്പോൾ പോലും തന്നെ വന്ന് ആശ്വസിപ്പിക്കാത്തയാളാണ് കൃഷ്‌ണകുമാറെന്നും, സിപിഎമ്മിലെയും കോൺഗ്രസിലെയും പല നേതാക്കളും ഓടിയെത്തിയപ്പോഴും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒരു റീത്ത് പോലും തന്റെ അമ്മയ്‌ക്കായി ആരും വച്ചില്ലെന്നും സന്ദീപ് വികാരനിർഭരമായി കുറിച്ചു.
ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളിൽ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അദ്ധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ എഴുതി.
തുടർന്ന്, സന്ദീപ് വാര്യർക്ക് വിഷമമുണ്ടായെങ്കിൽ അത് പരിഹരിക്കുമെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്‌ണകുമാറും പ്രതികരിച്ചു. തന്‍റെ ഭാഗത്ത് നിന്ന് പ്രശ്നമുണ്ടായെങ്കിൽ സന്ദീപിനോട് സംസാരിക്കും, സന്ദീപിന്‍റെ അമ്മ മരിച്ചപ്പോൾ സ്ഥലത്തില്ലായിരുന്നു, സന്ദീപിനെ ഫോണിൽ വിളിച്ചിരുന്നുവെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |