തലശേരി: ആർ.എസ്.എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ഇരിട്ടി കീഴൂർ പുന്നാട്ടെ അശ്വിനികുമാറിനെ (27) കുത്തിക്കൊന്ന കേസിൽ മൂന്നാം പ്രതിയെ ജീവപര്യന്തം തടവിനും അര ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു. ചാവശ്ശേരിയിലെ ഷരിഫാ മൻസിലിൽ എം.വി. മർഷൂഖിനെയാണ് (39) തലശേരി ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.
പ്രതി ചേർക്കപ്പെട്ട മയ്യിലെ കരിയാടൻ താഴത്ത് വീട്ടിൽ നൂറുൽ അമീൻ (40), പി.കെ. അസീസ് (38), ശിവപുരത്തെ പുതിയ വീട്ടിൽ പി.എം.സി. റാജ് (38) ഉളിക്കലിലെ ഷാഹിദ മൻസിലിൽ മാവില കണ്ടി എം.കെ. യുനസ് (43) ശിവപുരം എ.പി. ഹൗസിൽ സി.പി. ഉമ്മർ (40), ഉളിയിലെ രയരോൻ കരുവാൻ വളപ്പിൽ ആർ.കെ. അലി (45), കൊവ്വമൽ നൗഫൽ (39), പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42), സി.എം. വീട്ടിൽ മുസ്തഫ (47), കീഴൂരിലെ വയ്യപ്പുറത്ത് ബഷീർ (49), ഇരിക്കൂർ സ്വദേശികളായ മുംതാസ് മൻസിലിൽ കെ.ഷമ്മാസ് (35), കെ.ഷാനവാസ് (44), ബഷീർ (40) എന്നിവരെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.
2005 മാർച്ച് 10ന് രാവിലെ 10.15ന് ഇരിട്ടി പഴയഞ്ചേരി മുക്കിലായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് പോവുകയായിരുന്ന പ്രേമ ബസ് തടഞ്ഞാണ് യാത്രക്കാരനായിരുന്ന അശ്വനികുമാറിനെ കുത്തിക്കൊന്നത്. പാരലൽ കോളേജ് അദ്ധ്യാപകനും ആദ്ധ്യാത്മിക പ്രഭാഷകനുമായിരുന്നു അശ്വിനികുമാർ. ക്രൈംബ്രാഞ്ച് ഓഫീസർമാരായ പി.കെ. മധുസൂദനൻ, കെ. സലീം, എം. ദാമോദരൻ, ഡി. സാലി, എം.സി. കുഞ്ഞുമൊയ്തീൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |