തിരുവനന്തപുരം: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടിയ സാങ്കേതിക, പാരസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ച് സിൽവർലൈൻ പദ്ധതി നടപ്പാക്കുക ഏറെ ശ്രമകരം. തങ്ങളുടെ വികസനം അട്ടിമറിക്കുന്ന യാതൊരു പദ്ധതിക്കും റെയിൽവേ വഴങ്ങില്ല. പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് സിൽവർലൈൻവിരുദ്ധ ജനകീയസമിതിയും വ്യക്തമാക്കി. കോഴിക്കോട് കാട്ടിലപീടികയിലെ പഴയ സമരപ്പന്തലിൽ ജനങ്ങൾ സംഘടിച്ച് ഇന്നലെത്തന്നെ ധർണ തുടങ്ങി.
160 കിലോമീറ്റർ വേഗമുള്ള ട്രെയിനുകൾക്കായി നിലവിലെ ലൈനുകൾക്ക് സമാന്തരമായി പുതിയ ട്രാക്കുകൾ നിർമ്മിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം. ഇതിലൂടെ ഏഴര മണിക്കൂർ കൊണ്ട് തിരുവനന്തപുരം - കാസർകോട് സർവീസ് നടത്തുന്ന വന്ദേഭാരതിന് ആറുമണിക്കൂറിൽ താഴെ മതിയാവും. കൂടുതൽ വന്ദേഭാരത് സർവീസുകളും വരും. സിൽവർ ലൈനിനായി ഭൂമി നൽകിയാൽ മൂന്നും നാലും ട്രാക്കുകൾ അസാദ്ധ്യമാവും.
17 ഇടത്ത് റെയിൽവേയുടെ സുരക്ഷാസോണുകളിലൂടെയാണ് പാത. ഒമ്പത് ജില്ലകളിലെ 108 ഹെക്ടർ ഭൂമി വിട്ടുനൽകാനാവില്ലെന്ന് റെയിൽവേ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് ഗേജിൽ സിൽവർലൈൻ നിർമ്മിക്കുന്നതിനെയും എതിർക്കുന്നു. മറ്റു റെയിൽപാതകളുമായി ബന്ധിപ്പിക്കാനാവില്ലെന്നതാണ് കാരണം.
സിൽവർ ലൈനിന്റെ കോഴിക്കോട്, കണ്ണൂർ, തൃശൂർ സ്റ്റേഷനുകൾ റെയിൽവേ ഭൂമിയിലാണ്. തൃശൂർ സ്റ്റേഷൻ രണ്ടായി വിഭജിക്കപ്പെടും. തിരുവനന്തപുരം, അങ്കമാലി, ആലുവ ട്രാക്കുകളുടെ തൊട്ടടുത്തുകൂടിയാണ് സിൽവർലൈൻ.
അതേസമയം റെയിൽ സംവിധാനത്തെ ബാധിക്കാത്തതരത്തിൽ 10 മീറ്റർവരെ അലൈൻമെന്റിൽ മാറ്റംവരുത്താനാണ് കെ-റെയിലിന്റെ നീക്കം. കൂടുതൽ മേൽപ്പാലങ്ങളും ഭൂഗർഭപാതയും വരും. വിട്ടുനൽകുന്നഭൂമിക്ക് പകരം ഭൂമിനൽകാം. സ്റ്റേഷനുകളും കെട്ടിടങ്ങളും സൗകര്യങ്ങളും മറ്റൊരിടത്ത് നിർമ്മിച്ചുനൽകാം. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ ഇതിനെ എതിർക്കുകയാണ്.
പ്രളയ ഭീഷണി
# 164 പ്രളയസാദ്ധ്യതാ മേഖലകളിലൂടെയാണ് പാത കടന്നുപോവുന്നത്. പരമാവധി പ്രളയനിരപ്പിന് ഒന്നു മുതൽ എട്ടുമീറ്റർ വരെഉയരത്തിലാണ് സിൽവർലൈൻ എന്നാണ് ഡി.പി.ആറിൽ. പരമാവധി പ്രളയനിരപ്പ് 15മീറ്ററാണ്. പാതയിൽ 93% ഉറപ്പില്ലാത്ത മണ്ണിലാണ്. കൊല്ലമടക്കം സ്റ്റേഷനുകൾ വയലിലാണ്.
അവതാളത്തിലാവുന്ന
റെയിൽവേ പദ്ധതികൾ
1.ഷൊർണൂർ-പാലക്കാട് മൂന്ന്,നാല് ട്രാക്കുകൾ
2.മംഗളൂരു-ഷൊർണൂർ മൂന്ന്,നാല് ട്രാക്കുകൾ
3. ഷൊർണൂർ-എറണാകുളം-കോട്ടയം മൂന്നാം ട്രാക്ക്
4.കോട്ടയം-തിരുവനന്തപുരം-കന്യാകുമാരി മൂന്നാംട്രാക്ക്
`സിൽവർലൈൻ സാങ്കേതികമായി സാദ്ധ്യമായ പദ്ധതിയല്ല. വലിയ ആഘാതമുണ്ടാക്കും.'
-ഇ.ശ്രീധരൻ, മെട്രോമാൻ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഭാവികേരളത്തിന്റെ ആവശ്യമാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് റോഡ് അല്ലാത്ത പൊതുഗതാഗത സംവിധാനങ്ങൾ വർദ്ധിക്കണം. കൂടുതൽ റെയിൽപാതകൾക്കു പുറമേ സിൽവർലൈൻ പോലുള്ള അതിവേഗ പാതകൾ വരണം. എന്നാലേ യാത്രാപ്രശ്നം പരിഹരിക്കാനാവൂ. വന്ദേഭാരതിലെ ടിക്കറ്റ് ബുക്കിംഗ് അതിവേഗ ട്രെയിനിന്റെ ആവശ്യകത തെളിയിക്കുന്നതാണ്. നമ്മുടെ പഠന റിപ്പോർട്ട് ശരിയെന്നാണ് ഇത് തെളിയിക്കുന്നത്. കേന്ദ്രവും ഇപ്പോഴത് ശരിവച്ചു. യാത്രാപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി രണ്ടു മാസം മുൻപ് റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ആ ചർച്ചയിൽ റെയിൽവേ മന്ത്രി തന്ന വാക്ക് പാലിച്ചു. മന്ത്രിക്ക് തെറ്റിദ്ധാരണയുണ്ടായിരുന്നു. കാര്യങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തി. റെയിൽവേ മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |