അന്യ സംസ്ഥാനങ്ങളിലും മറ്റും ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവർ ദീപാവലി അടുത്തതോടെ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ നാട്ടിലെത്തുന്നതിനുള്ള ശ്രമത്തിലാണ്. ട്രെയിൻ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് റെയിൽവേ.
വ്യാജ യൂസർ ഐഡികൾ ഉപയോഗിച്ച് ചില വ്യക്തികൾ നിരവധി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും പിന്നീട് ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നുണ്ടെന്ന് ഐആർസിടിസി പറയുന്നു. ഇത് നിയമവിരുദ്ധമാണ്. ടിക്കറ്റ് കിട്ടാതെ വരുമ്പോൾ പരിചയമില്ലാത്ത ഏജന്റുമാരുമായി ഇടപെടുന്നത് ഒഴിവാക്കണമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ഐആർസിടിസി നിർദ്ദേശിച്ചു.
ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം ഐആർസിടിസിയുടെ വെബ്‌സൈറ്റാണ്. ഐആർസിടിസി വെബ്‌സൈറ്റ് www.irctc.co.in, IRCTC Rail Connect മൊബൈൽ ആപ്പ്, അല്ലെങ്കിൽ അംഗീകൃത IRCTC ഏജന്റുമാർ തുടങ്ങിയവ മുഖേനെയാണ് ബുക്ക് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുന്നത് സുരക്ഷിതത്വം ഉറപ്പാക്കുന്നു.
ഐആർസിടിസി വഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. പക്ഷേ വ്യാജ ടിക്കറ്റുകൾ ഇപ്പോഴും ഒരു പ്രശ്നമായി തുടരുന്നു. പ്രത്യേകിച്ച് ഉത്സവ സീസണുകളിൽ. നിങ്ങളുടെ ടിക്കറ്റ് യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ, നിങ്ങൾ ചെയ്യേണ്ടത്...
PNR സ്റ്റാറ്റസ് പരിശോധിക്കുക: ഐ ആർ സി ടി സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ എപ്പോഴും നിങ്ങളുടെ ടിക്കറ്റിന്റെ PNR സ്റ്റാറ്റസ് പരിശോധിക്കുക. യഥാർത്ഥ ടിക്കറ്റുകൾ ശരിയായ ബുക്കിംഗ് വിശദാംശങ്ങൾ ഉടനടി കാണിക്കും.
ഐ.ആർ.സി.ടി.സി ലോഗോയും വാട്ടർമാർക്കും പരിശോധിക്കുക: യഥാർത്ഥ ടിക്കറ്റുകളിൽ ഐ.ആർ.സി.ടി.സി ലോഗോ, വാട്ടർമാർക്ക്, സാധുവായ ഒരു ബുക്കിംഗ് ഐഡി എന്നിവ ഉണ്ടായിരിക്കും. പലപ്പോഴും വ്യാജ ടിക്കറ്റുകളിലേത് മങ്ങിയ പ്രിന്റുകളായിരിക്കും അക്ഷരത്തെറ്റുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
അജ്ഞാതരായ ഏജന്റുമാരെ ഒഴിവാക്കുക: സോഷ്യൽ മീഡിയ വിൽപ്പനക്കാരിൽ നിന്നോ, ഐആർസിടിസി അംഗീകരിക്കാത്ത മൂന്നാം കക്ഷി വെബ്‌സൈറ്റുകളിൽ നിന്നോ ഒരിക്കലും ടിക്കറ്റുകൾ വാങ്ങരുത്. 139 വഴിയോ RailYtri ആപ്പ് വഴിയോ സ്ഥിരീകരിക്കുക: 139 എന്ന നമ്പറിലേക്ക് ഒരു SMS അയച്ചുകൊണ്ടോ RailYtri ആപ്പ് ഉപയോഗിച്ചോ നിങ്ങളുടെ ടിക്കറ്റ് വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്. സംശയാസ്പദമായ ടിക്കറ്റോ ഇടപാടോ കണ്ടെത്തിയാൽ, ഉടൻ തന്നെ ഐആർസിടിസി ഹെൽപ്പ് ലൈനിലോ ഔദ്യോഗിക ഐആർസിടിസി പരാതി പോർട്ടലിലോ അറിയിക്കുക.
നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്തത് നിയമാനുസൃതമായ ഒരു അംഗീകൃത ഏജന്റ് വഴിയാണോ എന്ന് തിരിച്ചറിയാൻ ഐആർസിടിസി ചില എളുപ്പവഴികളുണ്ട്.
ടിക്കറ്റിലെ ഏജന്റിന്റെ വിശദാംശങ്ങൾ - അംഗീകൃത ഏജന്റ് വഴിയാണ് നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ, ആദ്യ പേജിൽ ഏജന്റിന്റെ പേര്, വിലാസം, ഏജൻസി കോഡ് എന്നിവ വ്യക്തമായി പ്രദർശിപ്പിക്കും. ഐആർസിടിസിയിൽ രജിസ്റ്റർ ചെയ്ത പങ്കാളി വഴിയാണ് ബുക്കിംഗ് നടത്തിയതെന്ന് ഇത് സ്ഥിരീകരിക്കുന്നു.
'നോർമൽ യൂസർ' ലേബൽ - ടിക്കറ്റിന്റെ മുകളിൽ 'നോർമൽ യൂസർ' എന്ന് എഴുതിയിട്ടുണ്ടെങ്കിൽ, അതിനർത്ഥം ബുക്കിംഗ് നടത്തിയത് ഒരു അംഗീകൃത ഏജന്റിന്റെ അക്കൗണ്ടിൽ നിന്നല്ല, മറിച്ച് ഒരു വ്യക്തിഗത ഉപയോക്തൃ ഐഡിയിൽ നിന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |