കൽപ്പറ്റ: മുണ്ടക്കൈ പുനരധിവാസത്തിൽ ആശങ്ക വേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപ്പറ്റയിൽ ചേർന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പറഞ്ഞു. . ദുരന്തബാധിതനായ അവസാനത്തെ ആളുടെയും പുനരധിവാസം ഉറപ്പാക്കും. മാന്യമായ രീതിയിൽ ജീവിക്കാൻ കഴിയുന്ന തരത്തിൽ ടൗൺഷിപ്പാണ് സർക്കാർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. സ്കൂളും സാംസ്‌കാരിക നിലയവും കളി സ്ഥലവും എല്ലാം അടങ്ങിയതാവും ടൗൺഷിപ്പ്. ദുരന്തബാധിതർക്ക് ഉപജീവന മാർഗവും ഒരുക്കും. ദുരന്തബാധിതരായ ഒരാളെയും കൈയൊഴിയില്ല. കേന്ദ്ര സഹായത്തിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്. മുമ്പുണ്ടായ ദുരനുഭവം കേരളത്തിന് മറക്കാനാവില്ല. സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വയനാട്ടിൽ വന്നപ്പോൾ നേരിട്ട് ബോദ്ധ്യപ്പെടുത്തി.പിന്നീട് ഡൽഹിയിൽ ചെന്ന് കണ്ടും ദുരന്തത്തിന്റെ വ്യാപ്തിയും കേരളത്തിന്റെ ആവശ്യവും അറിയിച്ചു . നിയമസഭ ഏകകണ്‌ഠമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് സഹായം അനുവദിക്കുന്നില്ലെന്ന് വ്യക്തമല്ല. കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ച് യു.ഡി.എഫ് ഒരക്ഷരം മിണ്ടുന്നില്ല. തെറ്റായ രീതിയിലാണ് മെമ്മോറാണ്ടത്തിന്റെ പേരിൽ പ്രതിപക്ഷവും മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചത്. അതിൽ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. എന്നാൽ വാർത്തകൾ തെറ്റായിപ്പോയെന്ന് എഴുതാൻ മാദ്ധ്യമങ്ങൾ തയ്യാറായില്ല. ദുരന്തനിവാരണ നിധിയിലേക്ക് കേന്ദ്രസർക്കാർ നൽകിയ തുക മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിനുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം വി ശ്രേയാംകുമാർ അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |