തിരുവനന്തപുരം: പ്രളയ ദുരിത ബാധിതർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. പ്രളയ ദുരിത ബാധിതർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകും. വീട് നഷ്‌ടപ്പെട്ടവർക്ക് നാല് ലക്ഷവും വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്ക് 10 ലക്ഷവും നൽകാനും യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധനസഹായം നൽകേണ്ടവരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാരോടും വില്ലേജ് ഓഫീസർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇവർ നൽകുന്ന പട്ടികയിൽ എന്തെങ്കിലും ആക്ഷേപമുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷമാകും സാമ്പത്തിക സഹായം കൈമാറുക. സാമ്പത്തിക സഹായം കൈപ്പറ്റുന്നവരിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം.
ഇന്ന് രാവിലെ ഒമ്പത് മണി വരെയുള്ള കണക്ക് അനുസരിച്ച് 95 പേർ സംസ്ഥാനത്ത് പ്രളയത്തിൽ പെട്ട് മരിച്ചിട്ടുണ്ട്. 1218 ഇടങ്ങളിലായി 189567 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. പ്രളയം നേരിട്ട് ബാധിച്ചവർക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും സർക്കാരിന്റെ അടിയന്തര സഹായം നൽകും. കഴിഞ്ഞ തവണ 6,92,966 കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അടിയന്തര സഹായമായ 10,000 രൂപ നൽകി. ഇത്തവണയും കാലവർഷക്കെടുതി ബാധിച്ച മേഖലയിലെ കുടംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകും. പ്രളയം ബാധിച്ച കുടുംബങ്ങൾക്ക് 15 കിലോ വീതം സൗജന്യ റേഷൻ അനുവദിക്കും. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർക്കും ഇത് നൽകും. കേന്ദ്രത്തിൽ നിന്നും കൂടുതൽ ധനസഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തുണ്ടായ പ്രളയത്തിന് പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഒരു ഘടകമായെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് തടയാൻ സാധ്യമായ എല്ലാ പരിശോധനകളും നടത്തും. ദുരന്ത തീവ്രത വർദ്ധിപ്പിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |