കാസർകോട്: കൊല്ലപ്പെട്ട ആളിന്റെ തലയോട്ടി മാത്രം മാതാപിതാക്കൾക്ക് വിട്ടുകൊടുത്ത കേസ് അപൂർവ്വമാണെന്ന് നിയമവിദഗ്ധർ പറയുന്നു. സഫിയയുടെ ഭൗതികാവശിഷ്ടം മാതാപിതാക്കൾ ഏറ്റുവാങ്ങുന്നതിന് സാക്ഷിയായി ഐതിഹാസികസമരം നടത്തിയ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മുഴുവൻ കോടതിയിൽ എത്തിയിരുന്നു.
കടുത്ത ദാരിദ്ര്യംകൊണ്ടുമാത്രം കുടകിൽ നിന്ന് കാസർകോട് മാസ്തിക്കുണ്ടിലെ കെ.സി. ഹംസയുടെ വീട്ടുജോലിക്കാരിയായ സഫിയ(13)യ്ക്ക് വേണ്ടി 120 ദിവസം നീണ്ട സമരമാണ് ആക്ഷൻ കമ്മിറ്റി നടത്തിയത്. ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് തെളിയിച്ചത്.
ആക്ഷൻ കമ്മിറ്റി ഭാരവാഹികളായിരുന്ന അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പെരിയ നാരായണൻ, സുബൈർ പടുപ്പ്, അജിത്കുമാർ ആസാദ്, വിജയലക്ഷ്മി കടമ്പഞ്ചാൽ, അബ്ദുൽഖാദർ ചട്ടഞ്ചാൽ, എം.സുൽഫത്ത്, ഫറീന കോട്ടപ്പുറം, ഷാഫി കല്ലുവളപ്പ് തുടങ്ങിയവരും കൊല്ലപ്പെട്ട സഫിയയുടെ കുടുംബാംഗങ്ങളും ഇന്നലെ കോടതിയിൽ എത്തിയിരുന്നു.
സഫിയ നേരിട്ടത് കൊടിയ പീഡനം
കുടകിലെ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന മൊയ്തുവിന്റെ ആറു മക്കളിൽ മൂത്തവളായ സഫിയ മാസ്തികുണ്ടിലെ കരാറുകാരൻ ഹംസയുടെ വീട്ടിലെ ജോലിക്കിടയിൽ നേരിട്ടത് അതിക്രൂരമായ പീഡനമായിരുന്നു.
ശരീരം പൊള്ളിക്കുക, തിളച്ചവെള്ളം ശരീരത്തിൽ ഒഴിക്കുക എന്നിങ്ങനെയുള്ള ക്രൂരത പതിവായതോടെ സ്വന്തം വീട്ടിലേക്ക് പോകാൻ പെൺകുട്ടി ബഹളം കൂട്ടിയിരുന്നു. ഇതോടെയാണ് സഫിയയെ ഗോവയിലെ പണി സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ശരീരം കഷണങ്ങളാക്കി താൻ കരാർ ഏറ്റെടുത്ത ഡാമിന്റെ സൈറ്റിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടി. വെറുമൊരു മിസിംഗ് കേസായി പൊലീസ് അന്വേഷിച്ച് കൈമലർത്തിയതോടെ, പിതാവ് നിരാശനായി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാസർകോട്ടെ ചില സാമൂഹ്യപ്രവർത്തകരുടെ ശ്രദ്ധയിലെത്തുന്നത്. പിന്നാലെ ആക്ഷൻ കമ്മിറ്റി സമരം തുടങ്ങി. 2012ൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിയ കേസിൽ 2015 ൽ വിചാരണ പൂർത്തിയാക്കി പ്രതിയെ തൂക്കികൊല്ലാൻ വിധിക്കുകയായിരുന്നു. ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു.
ചരിത്രമായ സമരപ്പന്തൽ
സഫിയ തിരോധാനക്കേസിൽ ആക്ഷൻ കമ്മിറ്റിയുടെ വിജയത്തിന് പിന്നാലെ എൻഡോസൾഫാൻ വിഷയത്തിലടക്കം സമരപന്തൽ ഉയർന്നതും ഇവിടെയായിരുന്നു.ഒപ്പുമരം സ്ഥാപിക്കപ്പെട്ടതും സുഗതകുമാരി മാവ് നട്ടതും സഫിയ സമരത്തിന് തുടക്കം കുറിച്ച റോഡരികിലാണ്. ദേശീയപാത നിർമ്മാണത്തിൽ ഈ സ്ഥലം ഓർമ്മയായെങ്കിലും ആ സമരത്തിന്റെ ഓർമ്മകൾ ഇന്നും ഇവിടെയുണ്ട്.
ദൃക്സാക്ഷികൾ ഇല്ലാത്ത കേസ്,
തുണച്ചത്ഫോറൻസിക് തെളിവ്
കാസർകോട് : ദൃക്സാക്ഷികൾ ഇല്ലാതിരുന്ന സഫിയ കൊലക്കേസിൽ പ്രതികളെ കുടുക്കുന്നതിൽ നിർണായകമായത് ഫോറൻസിക് റിപ്പോർട്ടുകളാണ്. അസ്ഥികൂടം കണ്ടെത്തിയശേഷം നടത്തിയ വിദഗ്ധമായ ഫോറൻസിക് പരിശോധനയും ഡി. എൻ. എ ടെസ്റ്റും ആണ് കൊല ചെയ്ത പ്രതിയിലേക്ക് എത്തിയത്. അന്നത്തെ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്. പി വടകര സ്വദേശിയായ സന്തോഷ് കുമാർ നടത്തിയ അതിവിദഗ്ധമായ അന്വേഷണവും പ്രതികളെ കുടുക്കി.ഗോവയിലെ ഫ്ലാറ്റിൽ വെച്ച് സഫിയയെ കൊലപ്പെടുത്തി ശരീരം പല കഷ്ണങ്ങളായി മുറിച്ച് ബാഗിൽ കെട്ടി ഡാം സൈറ്റിൽ കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു.
ഒന്നാംപ്രതി ഹംസയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവും കുഴിച്ചിട്ടതും തെളിഞ്ഞത്. കേസിൽ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ബന്ധുവായ അബ്ദുള്ള, പോലീസുകാരൻ ഗോപാലകൃഷ്ണൻ, ബ്രോക്കർ എന്നിവരെ ആദ്യം തന്നെ കുറ്റവിമുക്തരാക്കി. ഹംസയുടെ ഭാര്യ മൈമൂനയെ ഹൈക്കോടതി വെറുതെ വിടുകയും ഹംസയുടെ ശിക്ഷ ജീവപര്യന്തമായി കുറക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |