കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമഭേദഗതി വിവാദത്തിനൊപ്പം കത്തിപ്പടരുകയാണ്, കൊച്ചിയിൽ 614 കുടുംബങ്ങൾ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നവും. ഇതിനു പുറമേയാണ്, കഴിഞ്ഞ ദിവസം വയനാട് മാനന്തവാടിയിലും 5.45 ഏക്കർ ഭൂമിക്കു മേൽ വഖഫ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും മുസ്ളിം സംഘടനകൾക്കും കണ്ടില്ലെന്നു നടിക്കാനാവാത്ത വിധം ദേശീയ വിഷയമായി മുനമ്പം മാറിക്കഴിഞ്ഞു.
കേന്ദ്ര വഖഫ് ഭേദഗതി ബില്ലാണ് മുനമ്പം ഭൂമി പ്രശ്നവും പൊതുശ്രദ്ധയിൽ കൊണ്ടുവന്നത്. 1902-ൽ ഗുജറാത്തിൽ നിന്നെത്തിയ അബ്ദുൾ സത്താർ മൂസാ സേട്ടിന് തിരുവിതാംകൂർ രാജാവ് കൃഷിക്കായി നൽകിയ 404 ഏക്കർ 75 സെന്റ് ഭൂമിയിൽ കടലെടുത്ത ശേഷം ശേഷിക്കുന്ന 104 ഏക്കർ ഭൂമിയാണ് മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിന് ആധാരം. സത്താർ സേട്ടിന്റെ പിൻഗാമി ഈ സ്ഥലം കോഴിക്കോട് ഫാറൂക്ക് കോളേജ് മാനേജ്മെന്റിന് ക്രയവിക്രയാധികാരമുള്ള വ്യവസ്ഥകളോടെ ദാനം നൽകി. ആധാരത്തിൽ വഖഫായി ദാനം ചെയ്യുന്നുവെന്ന രണ്ടു പരാമർശങ്ങളാണ് ഇത് വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിക്കാനുള്ള വഖഫ് ബോർഡിന്റെ ന്യായം.
ഇസ്ളാമിക നിയമപ്രകാരം വിശ്വാസി ദൈവത്തിനു സമർപ്പിക്കുന്ന സ്വത്താണ് വഖഫ്. രേഖാമൂലമോ വാക്കാലോ വഖഫ് ചെയ്യപ്പെട്ടു കഴിഞ്ഞാൽ അത് എക്കാലത്തേക്കും വഖഫ് ഭൂമിയെന്നാണ് വ്യവസ്ഥ. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാനാവില്ല. തനിക്ക് സമ്പൂർണാവകാശമുള്ളതോ ഇല്ലാത്തതോ ആയവ വഖഫ് ചെയ്താൽ വഖഫ് ബോർഡിന് ആ സ്വത്ത് നോട്ടീസ് പോലും നൽകാതെ അവകാശപ്പെടാം. ചോദ്യം ചെയ്ത് കോടതികളെ സമീപിക്കാനാവില്ല. വഖഫ് ട്രിബ്യൂണലിനു മുന്നിൽ പരാതി നൽകാമെന്നു മാത്രം. സ്വന്തം ഭൂമിയുടെ അവകാശം സ്ഥാപിക്കേണ്ടതിന്റെ ബാദ്ധ്യത ഉടമയ്ക്കു മേൽവരുന്ന വിചിത്രവ്യവസ്ഥയാണ് വഖഫ് നിയമത്തിലെ ഈ കീറാമുട്ടി. ഇത് ഒഴിവാക്കുന്നതാണ് വഖഫ് ഭേദഗതി ബില്ല്.
വഖഫ് നിയമം സംസ്ഥാനത്തെ ഇടതു, വലതുമുന്നണികളെ വെട്ടിലാക്കി. ബി.ജെ.പി സർക്കാരിന്റെ ബില്ലിനെ അനുകൂലിക്കാനോ എതിർക്കാനോ വയ്യാത്ത അവസ്ഥ. ബില്ലിനെ എതിർക്കുന്ന പ്രമേയത്തെ അനുകൂലിച്ച് 140 എം.എൽ.എമാരും കേരള നിയമസഭയിൽ വോട്ട് ചെയ്ത ശേഷം, മുനമ്പത്തെ വേളാങ്കണ്ണി പള്ളിമുറ്റത്തെ സമരപ്പന്തലിൽ പോയി സമരക്കാർക്കൊപ്പമാണെന്നു പറയേണ്ട ഗതികേടിലാണ് ഇരു മുന്നണി നേതാക്കളും. ഈ പ്രശ്നത്തിൽ ഇപ്പോൾ ലാഭം കൊയ്യുന്ന് ബി.ജെ.പിയും ഹിന്ദു സംഘടനകളുമാണ്. ക്രൈസ്തവ വികാരം ബി.ജെ.പിക്ക് അനുകൂലമാകുന്ന സ്ഥിതിയിലായി കാര്യങ്ങൾ. എങ്ങനെ തലയൂരാമെന്ന ആലോചനയിലാണ് സംസ്ഥാന സർക്കാർ. മുസ്ളിം ലീഗും പ്രമുഖ മുസ്ളിം സംഘടനകളും സമവായ പാതയിലാണെങ്കിലും ഒത്തുതീർപ്പ് ഫോർമുലകളൊന്നും ഉരുത്തിരിയുന്നുമില്ല. വഖഫ് ബോർഡിന്റെ അവകാശവാദം ഇല്ലാതായെങ്കിലേ താമസക്കാർക്ക് സ്വന്തം ഭൂമിയുടെ കരം അടയ്ക്കാനാകൂ.
സർക്കാരിനു മുന്നിലുള്ളത്
1. പാട്ടം റദ്ദാക്കി, ഭൂമി ഏറ്റെടുത്ത് കൈവശക്കാർക്ക് പതിച്ചു നൽകുക. എന്നാൽ, കേസുകൾ വരാം. വ്യവഹാരം നീളാം. മുസ്ളിം സംഘടനകളുടെ എതിർപ്പുണ്ടാകും.
2. വഖഫ് ബോർഡിന് പകരം ഭൂമിയോ പണമോ നൽകി മുനമ്പം ഭൂമി ഏറ്റെടുത്ത് കൈവശക്കാർക്ക് നൽകാം. അതേസമയം, എതിർപ്പും കേസുകളും ഉറപ്പ്. രാഷ്ട്രീയ തിരച്ചടിയുമുണ്ടാകാം.
3. വഖഫ് ഭൂമിയാണെന്ന തീരുമാനം വഖഫ് ബോർഡിനെക്കൊണ്ട് റദ്ദാക്കിക്കുകയാണ് ഏറ്റവും ലളിതമായ മാർഗം. ഉടമകൾക്ക് കരം അടയ്ക്കാനുമാകും. എന്നാൽ, തീവ്രമുസ്ളിം സംഘടനകളുടെയും വഖഫ് സംരക്ഷണ സമിതിയുടെയും എതിർപ്പ് ഉറപ്പ്.
വഖഫ് നിയമങ്ങൾ
1923-ലാണ് വഖഫ് സ്വത്തുക്കളുടെ സംരക്ഷത്തിന് ആദ്യ വഖഫ് നിയമം ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്നത്. 1954-ൽ കേന്ദ്രസർക്കാർ പുതിയ വഖഫ് നിയമം നടപ്പാക്കി. 1995-ൽ കൂടുതൽ അധികാരങ്ങളോടെ പുതിയ നിയമം കൊണ്ടുവന്നു. കേന്ദ്ര വഖഫ് കൗൺസിലും, സംസ്ഥാന വഖഫ് ബോർഡുകളും രൂപീകരിക്കപ്പെട്ടു. ദീർഘനാളായി മതാനുഷ്ഠാനങ്ങൾക്ക് ഉപയോഗിക്കുന്ന ഇടങ്ങളും മറ്റും വഖഫ് ആയി പ്രഖ്യാപിക്കാൻ ബോർഡിന് നിയമം അധികാരം നൽകുന്നുണ്ട്. സർക്കാരാണ് ബോർഡ് ചെയർമാനെയും അംഗങ്ങളെയും നിയമിക്കുക. ചീഫ് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച് സർക്കാരിന് നേരിട്ടും ഭരിക്കാം. 2013-ൽ നിയമം പരിഷ്കരിച്ച് കൂടുതൽ അധികാരങ്ങൾ നൽകി.
കേരള വഖഫ് ബോർഡ് രൂപീകരിക്കപ്പെട്ടത് 1995-ലാണ്. ആസ്ഥാനം കൊച്ചി. ചെയർമാനും ഒമ്പത് അംഗങ്ങളുമുണ്ട്. വഖഫ് ട്രിബ്യൂണലിന് ജില്ലാ ജഡ്ജി റാങ്കിലുള്ളയാളാണ് ചെയർമാൻ. അഡിഷണൽ ജില്ലാ ജഡ്ജി പദവിയുള്ള അംഗവും മുസ്ളിം മതപണ്ഡിതരും ഉൾപ്പെടുന്ന മൂന്നംഗ സമിതിയാണ് ഉള്ളത്. കോഴിക്കോടാണ് ട്രിബ്യൂണൽ.
നിയമത്തിലെ
ചോദ്യങ്ങൾ
പാട്ടഭൂമി വിൽക്കാനോ ദാനം ചെയ്യാനോ കഴിയുമോ?
ഫാറൂഖ് കോളേജിന് ഭൂമി നൽകിയത് വഖഫോ, ദാനമോ?
കുടികിടപ്പുകാരെ ഇറക്കിവിടാൻ കഴിയുമോ?
വിൽപ്പന നിയമവിരുദ്ധമെങ്കിൽ ഫറൂക്ക് കോളേജിനെതിരെ നടപടി വേണ്ടേ?
പുതിയ വഖഫ് നിയമഭേദഗതി വന്നാൽ ഭൂപ്രശ്നം തീരുമോ?
മുനമ്പം ഭൂമി: ചരിത്രം
1902: ഗുജറാത്തിയായ അബ്ദുൾ സത്താർ മൂസാ സേട്ടിന് തിരുവിതാംകൂർ മഹാരാജാവ് മുനമ്പത്തെ 404 ഏക്കർ 75 സെന്റ് ഭൂമി കൃഷിക്കായി പാട്ടത്തിനു നൽകി. അന്നും ഇവിടെ കുടികിടപ്പുകാരുണ്ട്.
1947: സേട്ടിന്റെ മരണശേഷം മകൾക്കു ലഭിച്ച ഭൂമി ഭർത്താവ് സിദ്ദിഖ് സേട്ടിന് തീറു നൽകി.
1950: കോഴിക്കോട് ഫാറൂഖ് കോളേജിന് ഭൂമി ദാനമായി നൽകി. കോളേജിന്റെ ആവശ്യത്തിന് വിൽക്കാമെന്നും കോളേജ് ഇല്ലാതായാൽ ശേഷിക്കുന്ന ഭൂമി കുടുംബത്തിന് തിരികെ നൽകണമെന്നും വ്യവസ്ഥ.
1967: കാേളേജിന്റെ അവകാശം ചോദ്യം ചെയ്ത് പറവൂർ കോടതിയിൽ വ്യവഹാരം തുടങ്ങി.
1971: കോളേജിന് അനുകൂലമായി വിധി
1985: കോളേജിന്റെ അവകാശം അംഗീകരിച്ച് ഹൈക്കോടതി വിധി.
1987: കോളേജ് അധികൃതരും താമസക്കാരും തമ്മിൽ ഒത്തുതീർപ്പ്.
1988: ഇവർ സ്ഥലം തീറുവാങ്ങി. പുറത്തുനിന്നുള്ളവർക്കും തീറ് നൽകി. മൊത്തം 33 ലക്ഷം രൂപയുടെ ഇടപാട്
ചെറായി എന്ന സ്വർഗം
കെ.കെ. രത്നൻ
രാജ്യത്തെ പ്രമുഖ ബിസിനസ് ശൃംഖലയുടെ റിസോർട്ടും, താരരാജാക്കന്മാരുടെയും ആഡംബര വസതികളും ഹോട്ടലുകളുമുള്ള, ദിവസവും ആയിരങ്ങൾ സന്ദർശിക്കുന്ന ചെറായി ബീച്ച് ഉൾപ്പെടുന്ന പ്രദേശമാണ് മുനമ്പം. പ്രശാന്തസുന്ദരമായ കടലോരഭൂമിയിൽ വീടുകൾ, കടകൾ, വേളാങ്കണ്ണി പള്ളി, വൈദിക മന്ദിരം, സെമിത്തേരി, കോൺവെന്റ് , ഗുരുദേവ മന്ദിരം തുടങ്ങിയവയുണ്ട്. വൻകിട റിസോർട്ടുകളും രണ്ട് ബാർ ഹോട്ടലുകളും പള്ളിപ്പുറം പഞ്ചായത്ത് നിർമ്മിച്ച റോഡുകളും പാലങ്ങളും വസ്തുവിന്റെ ഭാഗമാണ്. കുവൈറ്റുകാരൻ അറബിയുടെ ബിനാമി പേരിലുള്ള റിസോർട്ടും ഇവിടെയുണ്ട്. ടൂറിസം സാദ്ധ്യത വിലയിരുത്തി സെന്റിന് അഞ്ചു മുതൽ 30 ലക്ഷം വരെയാണ് ഭൂമിവില. വഖഫ് കേസിൽപ്പെട്ട ഭൂമികളുടെ കൈമാറ്റം സ്തംഭിക്കുകയും ചെയ്തു.
തലമുറകളായി താമസിച്ചിരുന്നവരും പിൻഗാമികളും സ്ഥലംവാങ്ങി താമസിച്ചവരും ഉൾപ്പടെ 614 കുടുംബങ്ങൾ
തർക്കഭൂമിയിലുണ്ട്. ഒരാൾ മാത്രമാണ് മുസ്ലിം സമുദായാംഗം. നാനൂറിലധികം കുടുംബങ്ങൾ ലത്തീൻ കത്തോലിക്കരും എണ്ണൂറോളം ഈഴവരും ബാക്കി കുടുംബി, ധീവര, പട്ടികജാതി വിഭാഗക്കാരുമാണ്. ഇവിടം വഖഫ് ഭൂമിയായി പ്രഖ്യാപിച്ച് കൊച്ചി തഹസിൽദാർക്ക് വഖഫ് ബോർഡ് കത്തു നൽകിയ ശേഷം 2022 മുതൽ ഭൂനികുതി സ്വീകരിക്കാതായതോടെ പ്രശ്നങ്ങൾ തുടങ്ങി. ഹൈക്കോടതി സിംഗിൾബെഞ്ച് കരം സ്വീകരിക്കാൻ വിധിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട ആറു കേസുകൾ ഹൈക്കോടതി മുമ്പാകെയുണ്ട്. കരം മുടങ്ങിയതോടെ ഭൂമി പണയം വയ്ക്കാനോ കെട്ടിടം പണിയാനോ സാധിക്കില്ല. വിദ്യാഭ്യാസ, ചികിത്സാ, തൊഴിൽ, വിവാഹ ആവശ്യങ്ങൾക്ക് പണയം വയ്ക്കാനാകാത്തതോടെ നിരവധി പേർ പ്രതിസന്ധിയിലാണ്.
വി.എസ്. സർക്കാർ നിയോഗിച്ച എം.എ.നിസാർ കമ്മിഷന്റെ നിർദ്ദേശപ്രകാരം, 2010-ലെ സർക്കാർ ഉത്തരവ് അനുസരിച്ചാണ് മുനമ്പത്തേത് വഖഫ് സ്വത്താണെന്നും കരം സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ട് കത്തി നൽകിയത്.- അഡ്വ. ബി.എം.ജമാൽ, മുൻ സി.ഇ.ഒ., കേരള വഖഫ് ബോർഡ്.
മുനമ്പത്തുകാരുടെ പൂർവികർ വിലയ്ക്കു വാങ്ങിയതും അവർ ജനിച്ചു വളർന്നതുമായ മണ്ണിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് വേദനാജനകമാണ്.- ബിഷപ്പ് ഡോ.പോൾആന്റണി മുല്ലശ്ശേരി, ചെയർമാൻ കെ.സി.ബി.സി ഫാമിലി കമ്മിഷൻ
മുനമ്പത്തുള്ള ഭൂമി കുടികിടപ്പുകാരുടേതാണ്. കുടികിടപ്പ് 1957ൽ കേരള സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. ഇവരെ ഇറക്കി വിടാനാകില്ല. -അഡ്വ. കെ.എൻ.രാജൻ ബാബു, ലീഗൽ അഡൈ്വസർ, എസ്.എൻ.ഡി.പി യോഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |