തിരുവനന്തപുരം:ഓരോ മൂന്നു മണിക്കൂറിനുള്ളിലും പെയ്യാൻപോകുന്ന മഴയെക്കുറിച്ച് തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകാൻ ശബരിമലയിൽ മഴമാപിനി സ്ഥാപിച്ചു. ലഭിച്ച മഴയുടെ തോത് വിലയിരുത്തിയാണ് പെയ്യാൻ പാേകുന്ന മഴയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്.കാലാവസ്ഥാമാറ്റം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാൻ ഉതകും.
വന ഭാഗങ്ങളിൽ മണ്ണിടിച്ചിൽ, നദിയിൽ മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാദ്ധ്യയുണ്ടെങ്കിൽ അറിയാൻ സാധിക്കും.
ശബരിമല,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലെ കാലാവസ്ഥയാണ് നിരീക്ഷിക്കുന്നത്.സീസണിൽ മാത്രമാണ് ഈ സേവനം.
കേരളത്തിൽ ആദ്യമായാണ് തീർത്ഥാടന കേന്ദ്രത്തിൽ ഈ സംവിധാനമൊരുക്കുന്നത്.
നിലയ്ക്കലിലെ ഫോറസ്റ്റ് ഓഫീസിലുള്ള മഴമാപിനി പ്രവർത്തനക്ഷമമാണെങ്കിൽ അത് ഉപയോഗിക്കും.അല്ലെങ്കിൽ പുതിയ മഴമാപിനി ഉടൻ സ്ഥാപിക്കും. താപനില,ആർദ്രത എന്നിവ അളക്കാനും നിരീക്ഷിക്കാനുമുള്ള ഉപകരണങ്ങളും എത്തിക്കും.
അറിയുന്നത്
@ മഴയുടെ അളവ്
@ അന്തരീക്ഷ ആർദ്രത
@ താപനില
കളക്ടറുടെ കീഴിൽ നിരീക്ഷണം
പത്തനംതിട്ട ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണ കേന്ദ്ര കാലാവസ്ഥ കേന്ദ്രം കേരള മേധാവിക്ക് ഒരാഴ്ച മുൻപ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംവിധാനമൊരുക്കിയത് .
ഉപകരണങ്ങൾ സ്ഥാപിച്ചത് കേന്ദ്ര കാലാവസ്ഥാ സ്ഥാപനമാണെങ്കിലും നിരീക്ഷണം നടത്തുന്നത് കേരള സ്റ്റേറ്റ് ഓപ്പറേഷൻ എമർജൻസി സെന്റർ (കെ.എസ്.ഇ.ഒ.സി) ജില്ലാ സംഘമാണ്. ഇത് കളക്ടറുടെ കീഴിലായിരിക്കും.വിവരങ്ങൾ കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന് കൈമാറും .പ്രത്യേക ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുന്നത് കേന്ദ്ര കാലാവസ്ഥ കേന്ദ്രമാണ്.
ഇന്ന് അതിശക്ത മഴ,
നാളെ ഒറ്റപ്പെട്ടത്
ഇന്ന് ഉച്ചയ്ക്കുശേഷം സന്നിധാനം,പമ്പ,നിലയ്ക്കൽ
അതിശക്ത മഴയ്ക്ക് സാദ്ധ്യത.ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
നാളെ ഉച്ചമുതൽ മൂന്നിടത്തും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |