വാഷിംഗ്ടൺ: അടുത്ത അനുയായികളെ പ്രഖ്യാപിച്ച് അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ വിദേശകാര്യ സെക്രട്ടറിയെയും നാഷണൽ ഇന്റലിജെൻസ് ഡയറക്ടറെയുമാണ് തിരഞ്ഞെടുത്തത്. മാർക്കോ റൂബിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. ഫ്ലോറിഡയിൽ നിന്നുള്ള യുഎസ് സെനറ്ററാണ് റൂബിയോ. ഈ പദവിയിൽ എത്തുന്ന ആദ്യ ലറ്റിനോ വംശജൻ കൂടിയാണ് അദ്ദേഹം. തുൾസി ഗാബാർഡാണ് പുതിയ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് അടുത്തിടെ കൂറുമാറിയെത്തിയ നേതാവാണ് ഇവർ.
അറ്റോർണി ജനറൽ പദവിയിലേക്ക് എത്തുന്നത് മാറ്റ് ഗേറ്റ്സാണ്. ട്രംപിന്റെ വിശ്വസ്തനും ഫ്ളോറിഡയൽ നിന്നുള്ള ജനപ്രതിനിധിയുമാണ് മാറ്റ് ഗേറ്റ്സ്. കഴിഞ്ഞ ദിവസം നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/ DOGE) തലപ്പത്തേക്ക് ഇലോൺ മസ്‌കിനെയും വിവേക് രാമസ്വാമിയെയും തിരഞ്ഞെടുത്തതും ട്രംപ് തന്നെയായിരുന്നു. മസ്‌കും വിവേകും ചേർന്ന് തന്റെ സർക്കാരിന്റെ ഉദ്യോഗസ്ഥതല പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങൾ ഒഴിവാക്കി അധികചെലവുകൾ നിയന്ത്രിക്കുമെന്നും ട്രംപ് പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
സർക്കാരിന്റെ കീഴിലുള്ള ഫെഡറൽ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃ ക്രമീകരിക്കാനും ഇരുവരും മുൻകയ്യെടുക്കും. സർക്കാരിലെ 'മാലിന്യങ്ങളെയും' തട്ടിപ്പുകളെയും വെളിച്ചത്ത് കൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയർത്താൻ ( മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിൻ ) മസ്‌കിനും വിവേകിനും കഴിയുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഡോണൾഡ് ട്രംപിന് വൈറ്റ്ഹൗസിൽ സ്വീകരണം നൽകി പ്രസിഡന്റ് ജോ ബൈഡൻ. അടുത്ത വർഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാവുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |