ദുബായ്: ടൂറിസ്റ്റ്, സന്ദർശക വിസ നിയമങ്ങൾ കർശനമാക്കിയതോടെ വലയുന്നത് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ. വിസ എടുക്കാൻ സാധിക്കാതെ വരുന്നതോടെ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങുകയാണ്. സന്ദർശന വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരിച്ചെത്താനായി രാജ്യത്തിന് പുറത്തുപോയവരാണ് മടങ്ങി എത്താനാകാതെ വെട്ടിലായത്. വനിതകളടക്കമുള്ളവർ ഈ കൂട്ടത്തിലുണ്ട്.
യുഎഇ വിടാതെ രണ്ട് തവണയായി ഒരു മാസം വീതം വിസ കലാവധി നീട്ടിക്കിട്ടാൻ വ്യവസ്ഥയുണ്ട്. എന്നാൽ ഇതിന് ഫീസ് നിരക്ക് കൂടുതലാണ്. അതുകൊണ്ട് പലരും എക്സിറ്റ് അടിച്ച് യുഎഇയിൽ നിന്ന് പുറത്തുപോയി വിസ എടുക്കുകയാണ് പതിവ്. സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് കൂടുതലായതിനാൽ പലരും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും ഇറാനിലെ ദ്വീപായ കിഷിലേക്കുമാണ് ഇതിനായി പോകുന്നത്. യുഎഇയിലെ മുൻനിര വിമാനക്കമ്പനികൾ ഇതിനായി റൗണ്ട് ട്രിപ്പ് ടിക്കറ്റുകളും നൽകുന്നുണ്ട്.
ഇങ്ങനെ യാത്ര നടത്തി തിരിച്ചെത്തിയവരാണ് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. ഇവരുടെ വിസ അപേക്ഷകൾ എല്ലാം അധികൃതർ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ തള്ളിയതാണ് വിവരം. അപേക്ഷകൾ തള്ളിയതോടെ പലരെയും നാട്ടിലേക്ക് തിരിച്ചയ്ക്കുകയാണ്. ഇന്ത്യയിൽ നിന്ന് പുതിയ വിസിറ്റ് വിസ എടുത്തവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം.
യുഎഇയിലെ പുതിയ വിസ നിയമം
യുഎഇയിൽ ഇനി സന്ദർശക വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിംഗും റിട്ടേൺ ടിക്കറ്റും നിർബന്ധമാണ്. സന്ദർശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങാത്തവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ നിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. എമിഗ്രേഷൻ വകുപ്പ് ഇത് സംബന്ധിച്ച് ട്രാവൽ ഏജൻസികൾക്ക് നിർദ്ദേശം നൽകി.
ഏറ്റവും പുതിയ നിയമം അനുസരിച്ച്, ഈ വിസകൾക്ക് അപേക്ഷിക്കുമ്പോൾ ക്യുആർ കോഡുള്ള ഹോട്ടൽ ബുക്കിംഗ് രേഖകളും റിട്ടേൺ ടിക്കറ്റിന്റെ പകർപ്പും സമർപ്പിക്കണം. അല്ലാത്തപക്ഷം വിസ നടപടികൾ വൈകിയേക്കും. ഈ രേഖകൾ സമർപ്പിക്കാൻ കഴിയാത്തതിനാൽ നിരവധി മലയാളികളുടെ വിസ അപേക്ഷകൾ ഇപ്പോഴും പ്രോസസ്സ് ചെയ്തിട്ടില്ലെന്നാണ് വിവരം.
നേരത്തെ വിമാനത്താവളത്തിലെ എമിഗ്രേഷൻ ഓഫീസർമാർ ആവശ്യപ്പെട്ടാൽ മാത്രമേ ഈ രേഖകൾ യാത്രക്കാർ ഹാജരാക്കിയാൽ മതിയായിരുന്നു. കൂടാതെ അപേക്ഷകൻ തന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡിൽ രണ്ട് മാസത്തെ വിസയ്ക്ക് 5000 ദിർഹവും മൂന്ന് മാസത്തെ വിസയ്ക്ക് 3000 ദിർഹവും കാണിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |