ന്യൂഡൽഹി: നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ താഴേയ്ക്ക് പതിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ ഗൂഗിൾ മാപ്പിനെതിരെയും അന്വേഷണം. ഗൂഗിൾ മാപ്പിൽ വഴി നോക്കിയായിരുന്നു യുവാക്കൾ യാത്ര ചെയ്തതെന്ന് കുടുംബം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. ഗൂഗിൾ മാപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഗൂഗിൾ വക്താവ് അറിയിച്ചു.
രണ്ട് ദിവസം മുൻപാണ് ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയ്ക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ താഴേക്ക് വീണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശൽ എന്നിവർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വിവാഹച്ചടങ്ങിന് പോകുന്നതിനിടെയാണ് അപകടം നടന്നത്. പാലത്തിന്റെ ഒരു വശത്ത് അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ല.
50 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. ഫരീദ്‌പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം ഉണ്ടായത്. ഫറൂഖാബാദിൽ നിന്നുള്ള മൂന്ന് യുവാക്കൾ ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാദഞ്ചിൽ നിന്ന് ഫരീദ്പൂരിലേക്ക് കാറിൽ പോകുകയായിരുന്നു. പണി തീരാത്ത പാലം അടച്ചിട്ടിരുന്നെങ്കിൽ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. ശനിയാഴ്ച രാത്രി നടന്ന അപകടം ഞായറാഴ്ച രാവിലെയാണ് നാട്ടുകാർ അറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |