തിരുവനന്തപുരം : പ്രളയത്തിന് പിന്നാലെ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എലിപ്പനിക്കെതിരെ കർശന ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. എലിപ്പനി പ്രതിരോധ പ്രവർത്തനമായ ഡോക്‌സി ഡേ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂർ ബസ് സ്റ്റാൻഡിലെ വഴികാട്ടി സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രളയബാധിത മേഖലകളിലുള്ളവർക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എത്തുന്നവർക്കും പ്രധാനമായും ഡോക്സിസൈക്ളിൻ എത്തിക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. എച്ച്.വൺ എൻ.വൺ ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എലിപ്പനിക്ക് ആവശ്യമായ മരുന്നുകൾ എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും ഗുളികവിതരണം ആരംഭിച്ചു. ഡോക്സി സൈക്ലിൻ ഫലപ്രദമാകണമെങ്കിൽ മലിനജലവുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ എത്രയും വേഗം ഗുളിക കഴിക്കണം. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മുറിവുകളുണ്ടെങ്കിൽ തുടർച്ചയായി അഞ്ചു ദിവസം ഡോക്സിസൈക്ലിൻ 100 എം.ജി. രണ്ട് നേരം കഴിച്ചുവെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. എൻ. എച്ച്. എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, ഡോ. വി. മീനാക്ഷി, ഡോ. രാജു, ഡോ.പി.വി. അരുൺ, ഡോ.അമർ.എസ്.ഫെറ്റിൽ, ഡി.എം.ഒ. ഡോ.പ്രീത പി.പി. തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |