ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു മതപുരോഹിതൻ ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റും ഹിന്ദുക്കൾക്കുനേരെയുള്ള ആക്രണവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇടപെടാൻ ഇന്ത്യ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്‌ച നടത്തി. വിഷയത്തിൽ ജയശങ്കർ ഇന്ന് പാർലമെന്റിൽ പ്രസ്‌താവന നടത്തിയേക്കും. ഇറ്റലിയിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ ഉടനാണ് ജയശങ്കർ മോദിയെ കണ്ടത്.
ബംഗ്ളാദേശിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് റിപ്പോർട്ട്.
ന്യൂന പക്ഷങ്ങളെ
സംരക്ഷിക്കണം
ന്യൂനപക്ഷങ്ങളുടെയും ആരാധനാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പാർലമെന്റിൽ അറിയിച്ചു. ബംഗ്ലാദേശിലെ പൗരന്മാരുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ബംഗ്ലാദേശ് സർക്കാരിനാണെന്നും എം.പിമാരുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി. ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും ദൈവങ്ങൾക്കുമെതിരെ അക്രമണം വർദ്ധിച്ചിട്ടുണ്ടോയെന്നും ഇന്ത്യ അവിടുത്തെ ഇടക്കാല സർക്കാരിനു മുന്നിൽ വിഷയം ഉന്നയിച്ചോ എന്നുമായിരുന്നു ചോദ്യം. ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ കഴിഞ്ഞ മാസങ്ങളായി വ്യാപകമായ അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ധാക്കയിലെ തന്തിബസാറിലെ പൂജാ മണ്ഡപത്തിന് നേരെയുണ്ടായ ആക്രമണവും സത്ഖിരയിലെ ജശോരേശ്വരി കാളി ക്ഷേത്രത്തിലെ മോഷണവും ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |