മുംബയ്: സിനിമാ ജീവിതത്തിൽ പ്രശസ്‌തി നേടി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെ വിരമിക്കൽ പ്രഖ്യാപിച്ച് നടൻ വിക്രാന്ത് മാസി. 'ട്വൽത്ത് ഫെയിൽ, സെക്‌ടർ 36' തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം സിനിമാ ലോകത്തെ തന്നെ അതിശയിപ്പിച്ചിരിക്കുകയാണ്. 'സബർമതി റിപ്പോർട്ട്' എന്ന ചിത്രത്തിലാണ് വിക്രാന്ത് അവസാനമായി അഭിനയിച്ചത്.
അടുത്തിടെ നടന്ന ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഒഫ് ദ ഇയർ അവാർഡ് നൽകി താരത്തെ ആദരിച്ചിരുന്നു. 'കഴിഞ്ഞ കുറച്ച് വർഷങ്ങൾ അസാധാരണമായിരുന്നു. അകമഴിഞ്ഞ പിന്തുണയ്‌ക്ക് ഓരോരുത്തരോടും ഞാൻ നന്ദി പറയുന്നു. ഒരു ഇടവേളയെടുക്കാൻ സമയമായി. വീട്ടിലേക്ക് മടങ്ങണം. ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ. ഒപ്പം ഒരു നടനായും. അതിനാൽ, 2025ലാകും നമ്മൾ അവസാനമായി സ്‌ക്രീനിൽ കാണുക. അവസാന രണ്ട് ചിത്രങ്ങളിൽ ഒരുപാട് വർഷത്തെ ഓർമകളുണ്ട്. ഒരിക്കൽ കൂടി നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു' - വിക്രാന്ത് മാസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പോസ്റ്റ് കണ്ടതിന് പിന്നാലെ നിരവധി ആരാധകരാണ് ദുഃഖവും ഞെട്ടലും പ്രകടിപ്പിച്ചത്. 'നിങ്ങളെപ്പോലെ ഹാർഡ്‌വർക്ക് ചെയ്യുന്ന നടനില്ല. ഇനിയും നല്ല സിനിമകൾ ചെയ്യണം', ഒരു ആരാധകൻ കുറിച്ചു. 2007ൽ പുറത്തിറങ്ങിയ 'ധൂം മച്ചാവോ ധൂം' എന്ന ചിത്രത്തിലൂടെയാണ് മുംബയ് സ്വദേശിയായ വിക്രാന്ത് സിനിമയിലെത്തുന്നത്. തുടർന്ന് നിരവധി ടിവി സീരിയലുകളിലും ഈ 37കാരൻ വേഷമിട്ടു.
2017ൽ പുറത്തിറങ്ങിയ 'എ ഡെത്ത് ഇൻ ദ ഗഞ്ച്' എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്‌തു. ഇത് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ട്വൽത്ത് ഫെയിൽ' ആണ് മാസിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രം യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ പരാജയപ്പെട്ട് പിന്നീട് ഐപിഎസ് കരസ്ഥമാക്കിയ മനോജ് കുമാര്‍ ശർമയുടെ ജീവിതമാണ് ചിത്രത്തിന് ആധാരമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |