പനാജി: നിങ്ങളുടെ കയ്യിൽ പണമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഇന്ത്യവിട്ട് മറ്റേതെങ്കിലും രാജ്യത്തേക്ക് കുടിയേറുന്നതാവും നല്ലതെന്ന ഒരു നിക്ഷേപകന്റെ ഉപദേശം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഗോവക്കാരനായ സിവിൽ എൻജിനിയർ കൂടിയായ സിദ്ദാർത്ഥ് സിംഗ് ഗൗതം ആണ് എക്സിലൂടെ ഈ ഉപദേശം പങ്കുവച്ചത്. ഇന്ത്യ വിടണമെന്ന ഉപദേശം പങ്കുവച്ചതിന്റെ കാരണവും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഈ മലിനീകരണം നിറഞ്ഞ വായുവിൽ ജീവിക്കുന്നതിന് വേണ്ടിയാണോ നമ്മൾ 40 ശതമാനം നികുതി നൽകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
'ഞാൻ 2025 ആകുമ്പോഴേക്കും ഇന്ത്യ വിട്ട് സിംഗപ്പൂരിലേക്ക് സ്ഥിരമായി കുടിയേറാൻ ഒരുങ്ങുകയാണ്. അതിന്റെ ഡോക്യുമേന്റേഷൻ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ഈ രാഷ്ട്രീയക്കാർക്കിടയിൽ എനിക്ക് ജീവിക്കാൻ സാധിക്കില്ല. ഈ മലിനീകരണം നിറഞ്ഞ അന്തരീക്ഷമുള്ള നാട്ടിൽ ജീവിക്കുന്നതിന് വേണ്ടിയാണ് നമ്മൾ 40 ശതമാനം നികുതി നൽകുന്നത്.
നിങ്ങളുടെ കയ്യിൽ ആവശ്യത്തിന് പണമുണ്ടെങ്കിൽ ഇന്ത്യ വിടുന്നതാവും നല്ലതെന്നും സിദ്ദാർത്ഥ് മറ്റൊരു പോസ്റ്റിൽ കുറിക്കുന്നു. പ്രതിമാസം 50,000 രൂപയിൽ താഴെ വരുമാനമുള്ളവർ, മെച്ചപ്പെട്ട ജീവിതനിലവാരം കൈവരിക്കാൻ ബാലിയിലേക്കോ തായ്‌ലൻഡിലേക്കോ മാറുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും പറഞ്ഞു. നിങ്ങൾ ഇന്ത്യയിൽ ഏകദേശം 50,000 രൂപ ശമ്പളം നേടുകയാണെങ്കിൽ, നിങ്ങൾ ഒരു യാചകന്റെ ജീവിതമാണ് നയിക്കുന്നതെന്ന് വിശ്വസിക്കൂ. ബാലിയിൽ നിന്നോ തായ്ലൻഡിൽ നിന്നോ നിങ്ങൾക്ക് 50,000 രൂപ സമ്പാദിക്കാൻ സാധിച്ചാൽ നിങ്ങൾക്ക് രാജാവിനെപ്പോലെ ജീവിക്കാം. എത്രയും പെട്ടെന്ന് ഇന്ത്യ വിടാൻ സാധിക്കുമെങ്കിൽ വിട്ടോളൂ'- സിദ്ദാർത്ഥ് പോസ്റ്റിൽ കുറിച്ചു.
സിദ്ദാർത്ഥിന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ചിലർ അഭിപ്രായത്തെ പിന്തുടരുന്നുണ്ടെങ്കിലും മറ്റ് ചിലർ വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |