പാരീസ് : ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറിനെ തള്ളാനും കൊള്ളാനുമാകാതിരിക്കുകയാണ് ഫ്രഞ്ച്ക്ളബ് പാരീസ് എസ്.ജി. ഇൗ സീസൺ തുടങ്ങുന്നതിനുമുമ്പ് പാരീസ് എസ്.ജി വിട്ട് നെയ്‌മർ തന്റെ മുൻക്ളബായ ബാഴ്സലോണയിലേക്ക് ചേക്കേറാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത് ചീറ്റിപ്പോയതിനെതുടർന്നാണ് താരത്തിന്റെ കരിയർതന്നെ പ്രതിസന്ധിയിലായത്.
പാരീസിൽ തുടരാൻ നെയ്‌മർക്ക് വലിയ താത്പര്യമില്ല. പൂർണ മനസില്ലാത്ത താരത്തെ കൂടെക്കൂട്ടാൻ പാരീസ് എസ്.ജിക്കും താത്പര്യമില്ല. എന്നാൽ വിറ്റേക്കാമെന്ന് വച്ചപ്പോൾ മുടക്കിയ തുക കിട്ടുന്നുമില്ല. രണ്ടുവർഷം മുമ്പ് ലോക റെക്കാഡായ 2630 ലക്ഷം ഡോളറിനാണ് ബാഴ്സയിൽനിന്ന് നെയ്‌മറിനെ വാങ്ങിയത്. ഇത്തവണ ബാഴ്സ ഇതിന്റെ പകുതി വിലപോലും പറഞ്ഞില്ല. റയൽമാഡ്രിഡും യുവന്റസും നെയ്‌മറെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
പക്ഷേ ബെയ്ലിനെ നൽകി നെയ്‌മറെ ബാർട്ടർ ചെയ്യാനായിരുന്നു റയലിന്റെ താത്പര്യം. പക്ഷേ ബെയ്ൽ റയൽവിടാൻ താത്പര്യം കാട്ടാതിരുന്നതോടെ അത് നടന്നില്ല. യുവന്റിന് വലിയ തുകനൽകാൻ താത്പര്യമില്ലായിരുന്നു.
ഇതോടെ ഒന്നോ രണ്ടോ സീസണിലേക്ക് നെയ്‌മറെ ലോൺ വ്യവസ്ഥയിൽ കൊടുക്കാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്. പി.എസ്.ജിക്ളബിന് വരുമാനവുമാകും. ഇഷ്ടത്തോടെയല്ലാതെ കളിപ്പിക്കാൻ ഇറക്കുകയും വേണ്ടെന്നതാണ് ഇതിന്റെ ഗുണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |